1
1
കേരള പോലിസിന്റെ സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് CoCon 2026ന്റ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹാക്കപ്പ് 2026’ (HAC’KP 2026)-ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനവും ഹാക്കത്തോണ്‍ രജിസ്ട്രേഷന് ഉദ്ഘാടനവും സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പോലീസ് ആസ്ഥാനത്തു നിര്‍വ്വഹിച്ചു.
ഇന്ത്യയിലുടനീളമുള്ള സാങ്കേതിക പ്രതിഭകളെയും നൂതന ആശയങ്ങളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യവ്യാപക രജിസ്ട്രേഷന് ക്യാമ്പെയ്ന് ഇതോടെ ഔദ്യോഗികമായി തുടക്കമായി.
സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം ദിനംപ്രതി സങ്കീര്‍ണമാവുകയാണെന്നും ഇവ നേരിടാന്‍ കൂട്ടായ് ശ്രമം ആവശ്യമാണെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുടെ ആധിക്യം മൂലം കുറ്റാന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് ഏറെ തടസങ്ങള്‍ നേരിടുന്നുണ്ട്. ഇത് മറികടക്കാന്‍ ഹാക്കപ്പ് പോലെയുള്ള കൂട്ടായ ശ്രമം ആവശ്യമാന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊലീസിംഗ് ശക്തമാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അടുത്ത തലമുറ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, നവീനാശയങ്ങള്‍ ഉള്ളവര്‍ (Innovators), സ്റ്റാര്‍ട്ടപ്പുകള്‍, സൈബര്‍ സുരക്ഷാ വിദഗ്ധര്‍ എന്നിവരെ ഒന്നിപ്പിക്കുന്ന ഒരു ദേശീയ പ്ലാറ്റ്ഫോമായാണ് ഹാക്കപ്പ് (HAC’KP) വിഭാവനം ചെയ്തിരിക്കുന്നത്. ”ഏജന്റിക് എഐ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍സ്: ഫ്രം എവിഡന്‍സ് ടു ഇന്റലിജന്‍സ്” (Agentic AI for Investigations: From Evidence to Intelligence) എന്നതാണ് ഇത്തവണത്തെ ഹാക്കപ്പ് 2026-ന്റെ പ്രമേയം.
ഡിജിറ്റല്‍ തെളിവുകളെ കൃത്യമായ വിവരങ്ങളാക്കി മാറ്റാന്‍ ക്രമസമാധാനപാലന ഏജന്‍സികളെ സഹായിക്കുന്ന നൂതന എ ഐ അധിഷ്ഠിത പരിഹാരങ്ങള്‍ വികസിപ്പിക്കാനാണ് ഈ ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ കേരള പൊലീസ് സൈബര്‍ഡോം വെബ്സൈറ്റിന്റെ പ്രകാശനം, ഹാക്കപ്പ് 2026-ന്റെ ഔദ്യോഗിക ട്രെയിലര്‍ പ്രദര്‍ശനം, പ്രമോഷണല്‍ ഫ്ലെയര്‍ പ്രകാശനം എന്നിവയും നടന്നു.
ഡിജിപിയും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, എഡിജിപി (പോലീസ് ആസ്ഥാനം) & ഐജിപി സൈബര്‍ ഓപ്പറേഷന്‍സ് ഇന്‍-ചാര്‍ജ് എസ്. ശ്രീജിത്ത്, എഡിജിപി (ക്രമസമാധാനം) എച്ച്. വെങ്കിടേഷ്, എഡിജിപി (എപി ബറ്റാലിയന്) ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്തെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഹാക്കപ്പ് 2026 മള്‍ട്ടി-സിറ്റി ഹാക്കത്തോണുമായി സഹകരിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും സാങ്കേതിക പങ്കാളികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ചടങ്ങില്‍ പങ്കുചേര്‍ന്നു.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊലീസിംഗിനും കുട്ടികളുടെ സംരക്ഷണത്തിനുമായി നൂതനമായ എ ഐ അധിഷ്ഠിത പരിഹാരങ്ങള്‍ സംഭാവന ചെയ്യാന്‍ താല്പര്യമുള്ള ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍, ഇന്നൊവേറ്റര്‍മാര്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സൈബര്‍ സുരക്ഷാ വിദഗ്ധര്‍, സാങ്കേതിക പ്രേമികള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക ഹാക്കപ്പ് 2026 വെബ്സൈറ്റ് വഴി (https://hackp.kerala.gov.in) രജിസ്റ്റര്‍ ചെയ്ത് ഈ ഉദ്യമത്തിന്റെ ഭാഗമാകാം.