1
1
തിരുവനന്തപുരം: തിരുവനന്തപുരം ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത ‘സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍’ എന്ന പരിപാടിയില്‍ കേരളത്തിലെ മൂന്ന് വിസിമാര്‍ പങ്കെടുത്തു. വിസിമാര്‍ പങ്കെടുത്തത് അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചു പൊറുപ്പിക്കുകയുമില്ല. ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വി സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരള വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍, എം.ജി വിസി ഡോ. ഡി മാവൂത്, മലയാളം സര്‍വകലാശാല വിസി ഡോ. സി ആര്‍ പ്രസാദ് എന്നിവരാണ് പങ്കെടുത്തത്. സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ വിസിമാരുടെ ഈ പങ്കാളിത്തം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.