Popular Posts

norka

നോര്‍ക്ക ഐഡി കാര്‍ഡ് പ്രചാരണ മാസാചരണം ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച 2026 ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ പ്രത്യേകം പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു. വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയര്‍ക്കുളള പ്രവാസി ഐഡി കാര്‍ഡ്, വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന കേരളീയ വിദ്യാര്‍ഥികള്‍ക്കായുളള സ്റ്റുഡന്റ് ഐഡി കാര്‍ഡ്, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള പ്രവാസി കേരളീയര്‍ക്കായുളള എന്‍.ആര്‍.കെ ഐഡി കാര്‍ഡ്, ഗുരുതര രോഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. കരുതല്‍, സുരക്ഷ, അംഗീകാരം എന്നതാണ് ഈ വര്‍ഷത്തെ തീം. ഐഡി കാര്‍ഡ് എടുത്തവര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാര്‍ഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടത്താനും ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടാനും ഐഡി കാര്‍ഡ് സേവനങ്ങള്‍ സഹായകരമാണ്.

408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ അപകട മരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് ഐ.ഡി കാര്‍ഡ് സേവനങ്ങള്‍. പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 661 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും അപകടമരണത്തിന് മൂന്നു ലക്ഷം രൂപയുടെയും അംഗ വൈകല്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. നോര്‍ക്ക ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവുമാണ് കാലവധി. നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റ് (www.norkaroots.kerala.gov.in) സന്ദര്‍ശിച്ച് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. നോര്‍ക്ക ഐ.ഡി കാര്‍ഡുളളവര്‍ക്ക് മാത്രമേ സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിലും നോര്‍ക്ക കെയര്‍ പ്ലസ്സിലും എന്റോള്‍മെന്റ് സമയത്ത് അംഗമാകാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *