1
1
തിരുവനന്തപുരം: സന്‍സസ് 2027-ന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം ജില്ല സജ്ജമായി. ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ജനസംഖ്യാ കണക്കെടുപ്പിനുള്ള വിവരശേഖരണത്തിനായി വിപുലമായ ഉദ്യോഗസ്ഥ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലയെ ആകെ 5,608 ഹൗസ്ലിസ്റ്റിംഗ് ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 5,527 എന്യൂമറേറ്റര്‍മാരെയും മേല്‍നോട്ടത്തിനായി 932 സൂപ്പര്‍വൈസര്‍മാരെയും നേരിട്ട് നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 553 എന്യൂമറേറ്റര്‍മാരെയും 93 സൂപ്പര്‍വൈസര്‍മാരെയും റിസര്‍വ് ആയും നിലനിര്‍ത്തി. റിസര്‍വ് ജീവനക്കാര്‍ ഉള്‍പ്പെടെ 7105 ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ സെന്‍സസ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
രണ്ട് ഘട്ടങ്ങളായാണ് ഇത്തവണ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒന്നാംഘട്ടത്തില്‍ വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസുമാണ്. വീടുകളുടെ അവസ്ഥ, കുടുംബങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.
സെല്‍ഫ് എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍ 30 വരെയും വീടുകളുടെ പട്ടിക തയാറാക്കല്‍ ജൂലൈ 1 മുതല്‍ 30 വരെയുമാണ്. https://se.census.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യേണ്ടത്. ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പടുത്താം. ആദ്യഘട്ട വിവരശേഖരണത്തില്‍ ആകെ 34 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിവരങ്ങളുടെ കൃത്യത എന്യൂമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും നേരിട്ടെത്തി പരിശോധിച്ച് ഉറപ്പുവരുത്തും. എന്യൂമറേറ്റര്‍മാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ‘Census-2027-HLO’
എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക.
സെന്‍സസ് നടപടികള്‍ എളുപ്പമാക്കുന്നതിന് പൊതുജനങ്ങള്‍ സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് അതത് ഓഫീസ് മേധാവികളും ഉറപ്പുവരുത്തണം.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ജില്ലയില്‍ നാല് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. വിവരശേഖരണം നടത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കേണ്ട ഫീല്‍ഡ് ട്രെയിനര്‍മാരുടെ ജില്ലാതല പരിശീലനം ഇതിനോടകം പൂര്‍ത്തിയായി. എന്യൂമറേറ്റര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും പരിശീലനം ജൂണ്‍ 23ന് പൂര്‍ത്തിയാകും.