1
1
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗാരന്റികളില്‍ ഒന്നായ ‘പ്രിയദര്‍ശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. ഓര്‍ഡിനറി ബസുകളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ യാത്ര അനുവദിക്കുക. മന്ത്രി സി പി ജോണ്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണിപ്പോള്‍. തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നു സെക്രട്ടറിയേറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കുന്നുണ്ട്. പദ്ധതി സ്ത്രീകള്‍ക്കു നല്‍കുന്ന ഔദാര്യമല്ല മറിച്ച് സമൂഹത്തില്‍ വലിയ സാമൂഹിക, സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പരിപാടിയാണെന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം തികയും മുന്‍പ് തന്നെ ഇന്ദിര ഗാരന്റി നടപ്പാക്കിയതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.