1
1
കൂട്ടിക്കല്‍: പ്രാണനും കൈയില്‍ പിടിച്ചു മാത്രമേ കൂട്ടിക്കല്‍ ചപ്പാത്ത് പാലത്തിലൂടെ യാത്രക്കാര്‍ക്ക് നടന്നു പോകാനാകൂ. 2021-ലെ പ്രളയകാലത്ത് പുല്ലകയാറ്റിലൂടെ ഒഴുകിവന്ന തടികളും പാറകളും തട്ടി പാലത്തിന്റെ തൂണിന് ബലക്ഷയം ഉണ്ടായെങ്കിലും നാളിതുവരെ അത് പരിഹരിക്കാനോ പുനര്‍ നിര്‍മിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. കൊക്കയാര്‍, കുറ്റിപ്ലാങ്ങാട്, വെംബ്ലി, ഉറുമ്പിക്കര, ഏന്തയാര്‍ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. നൂറുകണക്കിന് ആളുകളും നിരവധി വാഹനങ്ങളും ഇതിലൂടെ ദിനംപ്രതി കടന്നു പോകുന്നുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ നിരവധി കുട്ടികളാണ് ഈ പാലത്തിലൂടെ ദിനംപ്രതി യാത്ര ചെയ്യേണ്ടി വരുന്നത്. കുട്ടികളെ സ്‌കൂളില്‍ അയച്ച് മനസ് നീറിയാണ് ഇവിടെയുള്ള രക്ഷിതാക്കള്‍ കഴിയുന്നത്. രാത്രി കാലങ്ങളില്‍ ഈ മേഖലയിലുള്ളവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യം വരുമ്പോഴുണ്ടാകുന്ന ഭീതി വിവരണാതീതമാണ്.
തൂണില്‍ പലയിടത്തും കോണ്‍ക്രീറ്റുകള്‍ തകര്‍ന്നു കമ്പികള്‍ തെളിഞ്ഞനിലയിലാണ്. വീതികുറഞ്ഞ പാലത്തിലൂടെ ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാന്‍ കഴിയൂ. വാഹനം കടന്നുമ്പോള്‍ പോകുമ്പോള്‍ പാലത്തിലൂടെ നടന്നു പോകുന്ന ആളുകള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. 60 വര്‍ഷത്തോളം പഴക്കമുണ്ട് ഈ പാലത്തിന്. ഇതിനിടെ പത്തുവര്‍ഷം മുമ്പ് കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയത് ഒഴിച്ചാല്‍ മറ്റ് നിര്‍മാണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. അടിയന്തരമായി ഈ പാലം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.