Popular Posts

CBI

പാലക്കാട് 23 കുട്ടികളുടെ അസ്വാഭാവിക മരണം;അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി

കൊച്ചി: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെ 23 കുട്ടികള്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ട കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള ഹൈകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി എം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വ്യാഴാഴ്ച ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചാണ് കോടതി നടപടി.

ഇത്തരം കേസുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാന്‍ 2026 ഫെബ്രുവരി 19-ന് ഉത്തരവിട്ടിരുന്നിട്ടും സിബിഐ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊല്ലങ്കോട് പോലിസ് സ്റ്റേഷനിലെ ഒരു കേസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിശോധിച്ച കോടതി, അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ തക്കവണ്ണമുള്ള വ്യക്തമായ സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പാലക്കാട് ജില്ലാ പോലിസ് മേധാവി അജിത് കുമാര്‍ ഐപിഎസ് സാക്ഷ്യപ്പെടുത്തിയതും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചതുമായ വസ്തുതാ വിവരണ പത്രികയില്‍ പരാമര്‍ശിക്കുന്ന 23 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ മറുപടി നല്‍കേണ്ടതുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി സംസ്ഥാന പോലിസ് ആസ്ഥാനത്ത് നിന്നും പാലക്കാട് ജില്ലാ പോലിസ് മേധാവിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി.

കുട്ടികളുടെ ഇത്തരം അസ്വാഭാവിക മരണങ്ങള്‍ക്ക് പിന്നില്‍ ചില പ്രത്യേക സാമൂഹിക ഘടകങ്ങള്‍ കാരണമായിട്ടുണ്ടാകാമെന്ന് കോടതി മുന്‍പ് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയെ കേസില്‍ കക്ഷിചേര്‍ത്തിരുന്നു. സംസ്ഥാനത്തുടനീളം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കുന്നതിനുമായി അതോറിറ്റി സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി രേഖപ്പെടുത്തി. തുടര്‍നടപടികള്‍ക്കായി കേസ് ആഗസ്ത്് ആറിലേക്ക് മാറ്റിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *