Popular Posts

whatsapp image 2026 06 22 at 1.09.00 pm

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്:കൂടുതല്‍ തട്ടിപ്പ് കുംഭമേളക്കാലത്ത്; യോഗി ആദിത്യനാഥിന് നേരിട്ട് റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി

ട്രസ്റ്റ് ഭാരവാഹികളും ജീവനക്കാരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍

ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. പണാപഹരണം ഏറ്റവുമധികം നടന്നത് ഇക്കഴിഞ്ഞ കുംഭമേളക്കാലത്തെന്നാണ് റിപ്പോര്‍ട്ടില്‍ സൂചന. ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്രം ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. ചമ്പത് റായ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ കര്‍സേവകന്റേതടക്കം മൂന്ന് പേരുടെ പരാതി അയോധ്യ പോലിസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.

അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച വഴിപാടുകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വന്‍ ക്രമക്കേടും ഫണ്ട് തിരിമറിയും നടന്നതായുള്ള പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തല്‍ വന്നിരുന്നു. ക്ഷേത്രത്തിലെ ശേഖരത്തില്‍ നിന്നും 60 കിലോ ഗ്രാം വെള്ളി കട്ടകള്‍ കാണാതായതായും ഇവയുടെ യാതൊരുവിധ രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ ‘പ്രാണ പ്രതിഷ്ഠ’ സമയത്ത് രാം ലല്ലയ്ക്ക് ഭക്തര്‍ സമര്‍പ്പിച്ച ഈ വെള്ളി കട്ടകള്‍ ക്ഷേത്രത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു. ഈ വെള്ളി കട്ടകളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഈ വെള്ളി കട്ടകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ രേഖകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അധികൃതര്‍ക്ക് ഇതുവരെ ഇതിന്റെ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. വെള്ളി കട്ടകള്‍ സ്വീകരിച്ചത്, സൂക്ഷിച്ചുവെച്ചത് അല്ലെങ്കില്‍ ഉപയോഗിച്ചത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചനകള്‍. എന്നാല്‍ ഈ വെള്ളി സംഭാവന നല്‍കിയ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ പക്കല്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന് വെള്ളി കൈമാറിയതിന്റെ കൃത്യമായ രസീത് ഉണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. രാജ്യത്തുടനീളമുള്ള സ്വര്‍ണ്ണവ്യാപാരികളുടെ സംഭാവനകള്‍ സമാഹരിച്ചാണ് 60 കിലോ വെള്ളി കട്ടകള്‍ തയാറാക്കി ക്ഷേത്രത്തിന് നല്‍കിയതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് രസ്‌തോഗി വ്യക്തമാക്കി. അടിത്തറയിടുന്ന ചടങ്ങുകളിലോ പിന്നീടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലോ ഈ വെള്ളി കട്ടകള്‍ കണ്ടിട്ടില്ലെന്നും അതിനുശേഷമാണ് ഇവ കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാണാതായ വെള്ളി കട്ടകള്‍ നിലവില്‍ എവിടെയാണെന്നും അവ ഔദ്യോഗിക സ്റ്റോക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി രാംശങ്കര്‍ യാദവ് എന്ന ടിന്നു, കൃഷ്ണദേവ് തിവാരി എന്നിവരെയും രാം ലല്ലയുമായി ബന്ധപ്പെട്ട നാല് പൂജാരിമാരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ആഭരണങ്ങളുടെയും വഴിപാടുകളുടെയും മേല്‍നോട്ട ചുമതലയുള്ള തിവാരി, വെള്ളി കട്ടകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു. കൂടാതെ നിലവില്‍ അന്വേഷണ പരിധിയിലുള്ള കാണാതായ മാലയെക്കുറിച്ചോ ഭഗവാന്റെ പാദുകങ്ങളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *