Popular Posts

whatsapp image 2026 06 22 at 2.50.11 pm

കടുത്ത രാഷ്ട്രീയ പ്രതിസന്ധി:ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു

ലണ്ടന്‍: സ്വന്തം പാര്‍ട്ടിക്കുള്ളിലെ കടുത്ത ആഭ്യന്തര സമ്മര്‍ദ്ദങ്ങള്‍ക്കും ജനപ്രീതിയിലുണ്ടായ ഇടിവിനും പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിക്കായുള്ള ആവശ്യങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്.

വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ സ്റ്റാര്‍മറുടെ പ്രധാന രാഷ്ട്രീയ എതിരാളിയായ ആന്‍ഡി ബേണ്‍ഹാം വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതാണ് നാടകീയ നീക്കങ്ങള്‍ക്ക് വഴിവെച്ചത്. ഭരണപരമായ തുടര്‍ച്ചയായ പാളിച്ചകളും വിവാദങ്ങളും കാരണം 63-കാരനായ കെയര്‍ സ്റ്റാര്‍മര്‍ക്ക് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തോതില്‍ ജനപ്രീതി നഷ്ടപ്പെട്ടിരുന്നു.

2024-ല്‍, 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1997-ന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയത്. എന്നാല്‍ രണ്ട് വര്‍ഷം തികയും മുന്‍പ് അദ്ദേഹത്തിന് പദവി ഒഴിയേണ്ടി വന്നു.

വികാരാധീനനായി സ്റ്റാര്‍മര്‍; കീഴടങ്ങിയത് ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയില്‍

ഒടുവില്‍ പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തികള്‍ക്ക് മുന്നില്‍ സ്റ്റാര്‍മര്‍ക്ക് കീഴടങ്ങേണ്ടി വന്നു. ഡൗണിംഗ് സ്ട്രീറ്റിലെ പ്രസംഗത്തിനിടെ വികാരാധീനനായ അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. തന്റെ കുടുംബത്തെയും ഭാര്യ വിക്ടോറിയയെയും കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, പ്രധാനമന്ത്രി പദവിയേക്കാള്‍ വലുത് ഇനി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതാണെന്ന് വ്യക്തമാക്കി.

തനിക്കെതിരെയുള്ള വെല്ലുവിളികളെ നേരിടുമെന്നും രണ്ട് വര്‍ഷം മുന്‍പ് ജനങ്ങള്‍ നല്‍കിയ അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമെന്നും കഴിഞ്ഞ വെള്ളിയാഴ്ചയും സ്റ്റാര്‍മര്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ആന്‍ഡി ബേണ്‍ഹാം നേടിയ വന്‍ വിജയം പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങള്‍ മാറ്റിമറിച്ചു. ഇതോടെ ബേണ്‍ഹാം നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

‘അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താന്‍ അനുയോജ്യനല്ലെന്ന ലേബര്‍ പാര്‍ട്ടിയുടെ പൊതുവികാരം ഞാന്‍ ഉള്‍ക്കൊള്ളുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ഈ വിധി പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

പുതിയ നേതാവിനെ കണ്ടെത്താന്‍ ജൂലൈ 9 മുതല്‍ നടപടികള്‍

പ്രധാനമന്ത്രി പദം ഒഴിയുന്നതിനൊപ്പം പുതിയ ലേബര്‍ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയക്രമവും സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞതായും ഇക്കാര്യം ചാള്‍സ് രാജാവിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത പിന്തുടര്‍ച്ചക്കാരനെ കണ്ടെത്താനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ ജൂലൈ 9 മുതല്‍ സ്വീകരിച്ചു തുടങ്ങാന്‍ പാര്‍ട്ടിയുടെ നാഷനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടായിരുന്നു സ്റ്റാര്‍മര്‍ പ്രസംഗം അവസാനിപ്പിച്ചത്. സാമ്പത്തികം, വേതന വര്‍ധനവ്, നിക്ഷേപങ്ങള്‍, നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് വെയിറ്റിങ് ലിസ്റ്റിലെ കുറവ് എന്നിവയില്‍ ലേബര്‍ പാര്‍ട്ടി കൈവരിച്ച മുന്നേറ്റങ്ങള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

അടുത്ത പ്രധാനമന്ത്രിയെ എങ്ങനെ തിരഞ്ഞെടുക്കും?

കെയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചതോടെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നടപടികള്‍ ലേബര്‍ പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു.

ആദ്യ ഘട്ടം: മത്സരരംഗത്തിറങ്ങാന്‍ താല്പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് ആദ്യം 81 ലേബര്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ വേണം. തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടി ഘടകങ്ങളുടെയോ ട്രേഡ് യൂനിയനുകളുടെയോ നിശ്ചിത ശതമാനം പിന്തുണയും ഉറപ്പാക്കണം.
രണ്ടാം ഘട്ടം: യോഗ്യത നേടുന്ന സ്ഥാനാര്‍ഥികളെ പാര്‍ട്ടി അംഗങ്ങളുടെ പൊതു വോട്ടെടുപ്പിന് വിടും. 50 ശതമാനത്തിലധികം മുന്‍ഗണനാ വോട്ടുകള്‍ നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ സാധാരണയായി ഏകദേശം മൂന്ന് മാസമെടുക്കും.

ആരാണ് ‘കിംഗ് ഓഫ് ദി നോര്‍ത്ത്’ ആന്‍ഡി ബേണ്‍ഹാം?

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുന്‍ മേയറായ ആന്‍ഡി ബേണ്‍ഹാം ആണ് അടുത്ത പ്രധാനമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവ്. 1970-ല്‍ ജനിച്ച ബേണ്‍ഹാം കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രമുഖ മുഖമാണ്.

മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ഗോര്‍ഡന്‍ ബ്രൗണ്‍ എന്നിവരുടെ മന്ത്രിസഭകളില്‍ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം മാഞ്ചസ്റ്റര്‍ മേയര്‍ എന്ന നിലയിലുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ കാരണം ‘കിംഗ് ഓഫ് ദി നോര്‍ത്ത്’ (വടക്കിന്റെ രാജാവ്) എന്നാണ് അറിയപ്പെടുന്നത്. വടക്കന്‍ മേഖലയിലെ വന്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ അദ്ദേഹം ഇനി ലണ്ടനിലെ കേന്ദ്ര രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി ചുവടുവെക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *