Popular Posts

whatsapp image 2026 07 01 at 9.05.25 am

ഇറാന്‍ യുദ്ധം: ഖത്തര്‍ പ്രധാനമന്ത്രി യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി; വ്യവസ്ഥകളില്‍ ഉറച്ച് ടെഹ്റാന്‍

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ഇറാന്റെ ചര്‍ച്ചാ പ്രതിനിധികളും ദോഹയിലുണ്ടെങ്കിലും ഇരുവിഭാഗങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളൊന്നും ആസൂത്രണം ചെയ്തിട്ടില്ല.

ലെബനനിലെ ശത്രുത അവസാനിപ്പിക്കുകയും, വാഷിങ്ടണ്‍ എണ്ണ ഉപരോധം പിന്‍വലിക്കുകയും, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകള്‍ വിട്ടുകൊടുക്കുകയും ചെയ്യുന്നതുവരെ അന്തിമ കരാര്‍ ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു.

അതേസമയം, തെക്കന്‍ ലെബനനില്‍ മറ്റൊരു ഹിസ്ബുള്ള പോരാളിയെക്കൂടി വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സൗത്തര്‍, ഫ്രൂണ്‍ എന്നീ ‘പൈലറ്റ് സോണുകളില്‍’ നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റം വൈകിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഹോര്‍മുസ് സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തറിലെ ‘സാങ്കേതിക ചര്‍ച്ചകള്‍’ യുഎസ് ഉപയോഗിക്കുന്നു

നേരിട്ടുള്ള ചര്‍ച്ചകളുടെ അഭാവത്തിലും, ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഉയര്‍ന്നുവരുന്ന സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാഷിങ്ടണ്‍ ദോഹയില്‍ ഇറാനുമായി പരോക്ഷമായ സാങ്കേതിക ചര്‍ച്ചകള്‍ നടത്തുകയാണെന്ന് യുഎസ് ദേശീയ സുരക്ഷാ വിദഗ്ധന്‍ സ്‌കോട്ട് ഉഹ്ലിംഗര്‍ പറയുന്നു.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന ചില പ്രതിസന്ധികളെ തടയുന്നതിനുള്ള ഒരു മാര്‍ഗമായി ഇതിനകം നിശ്ചയിച്ചിട്ടുള്ള സാങ്കേതിക ചര്‍ച്ചകളെ ഉപയോഗിക്കുക എന്നതാണ് അമേരിക്കന്‍ ചര്‍ച്ചാ പ്രതിനിധികളുടെ പ്രധാന ലക്ഷ്യം എന്ന് താന്‍ കരുതുന്നതായി ഉഹ്ലിംഗര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇറാന്റെ ‘നയതന്ത്ര നീക്കങ്ങളിലാണ്’ ഈ പ്രതിസന്ധികള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. MoU പ്രകാരം കടലിടുക്കില്‍ ഇറാന്റെ യഥാര്‍ത്ഥ പങ്ക് എന്താണെന്ന് വ്യക്തമാക്കാനും, ഭാവിയിലെ കരാറില്‍ ഉള്‍പ്പെടുത്തിയേക്കാവുന്ന കൂടുതല്‍ വിശദാംശങ്ങളില്‍ എത്തിച്ചേരാനുമാണ് യുഎസ് ശ്രമിക്കുന്നതെന്നും ഉഹ്ലിംഗര്‍ കൂട്ടിച്ചേര്‍ത്തു.

വാഷിങ്ടണിന് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച കരാര്‍, MoU-ല്‍ വ്യക്തമാക്കിയത് പോലെയായിരിക്കുമെന്ന് ഉഹ്ലിംഗര്‍ പറഞ്ഞു. അതായത് ഖത്തറിന് മറ്റ് ഗള്‍ഫ് രാജ്യങ്ങളോടൊപ്പം ഇറാനുമായി ചര്‍ച്ച നടത്തി ഒരു സഖ്യം രൂപീകരിക്കാന്‍ കഴിയും, ഇത് ഈ പ്രധാന ജലപാതയിലൂടെയുള്ള ഗതാഗതത്തെ നിയന്ത്രിക്കും.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ 40 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്തു

സ്റ്റേറ്റ് മീഡിയയ്ക്ക് നല്‍കിയ വിപുലമായ അഭിമുഖത്തില്‍, യുഎസുമായി ചര്‍ച്ചകള്‍ നടത്താനുള്ള ടെഹ്റാന്റെ തീരുമാനത്തെ ഇറാന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധി കൂടിയായ ഖാലിബാഫ് ന്യായീകരിച്ചു. ഇറാന് മേലുള്ള യുഎസിന്റെ നാവിക ഉപരോധം നീക്കിയത്, സൈനിക നടപടിയുടെ പിന്തുണയുള്ള നയതന്ത്രത്തിന് വ്യക്തമായ ഫലങ്ങള്‍ നല്‍കാന്‍ കഴിയുമെന്നതിന്റെ തെളിവായി അദ്ദേഹം വിശേഷിപ്പിച്ചു. ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ 40 ദശലക്ഷത്തിലധികം ബാരല്‍ എണ്ണ കയറ്റുമതി ചെയ്തതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇറാന്റെ ഏക യഥാര്‍ത്ഥ ഗാരന്റി അതിന്റെ സൈനിക ശക്തിയാണെന്നും അതിനാല്‍ മിസൈല്‍ പ്രോഗ്രാമും സൈനിക ശേഷിയും ഒരിക്കലും ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ അതിന്റെ ആണവ അവകാശങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം: ‘യുറേനിയം സമ്പുഷ്ടീകരണം തങ്ങളുടെ നിയമപരവും അലംഘനീയവുമായ അവകാശമാണെന്നും കൂട്ടിച്ചേര്‍ത്തു.

അന്തിമ കരാറിലെത്താന്‍ MoU-ല്‍ പറയുന്ന 60 ദിവസത്തെ കാലാവധി നീട്ടാന്‍ കഴിയുമെന്നും യുഎസും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലും ഏര്‍പ്പെടുത്തിയ എല്ലാ പ്രാഥമിക, ദ്വിതീയ ഉപരോധങ്ങളും നീക്കുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നും ഖാലിബാഫ് വ്യക്തമാക്കി.

ലെബനന്‍ ‘ഡി-കോണ്‍ഫ്‌ളിക്ഷന്‍’ സെല്ലിലേക്ക് യുഎസും ഇറാനും പ്രതിനിധികളെ നിയമിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര സേവനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ നിയമപരവും സേവനപരവുമായ കാര്യങ്ങളില്‍ ഇറാനും ഒമാനും ഇതിനകം കരാറിലെത്തിയിട്ടുണ്ട്.

ലെബനനിലെ ശത്രുത അവസാനിപ്പിക്കുക, ഇറാന്റെ എണ്ണ കയറ്റുമതി ഉറപ്പാക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ വിട്ടുകൊടുക്കുക എന്നിവയുള്‍പ്പെടെയുള്ള MoU-വിലെ അഞ്ച് വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് വരെ യുഎസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകില്ലെന്ന് ഖാലിബാഫ് പറഞ്ഞു.

ഇറാനും യുഎസും ലെബനനും ചേര്‍ന്ന് ഒരു ‘ഡി-കോണ്‍ഫ്‌ളിക്ഷന്‍ സെല്‍’ (De-confliction cell) രൂപീകരിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ടെഹ്റാനും വാഷിംഗ്ടണും ഇപ്പോള്‍ പ്രതിനിധികളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെല്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന് മുന്‍പ് ബെയ്‌റൂട്ടും (ലെബനന്‍) ഇതേ രീതിയില്‍ പ്രതിനിധിയെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാന്‍-യുഎസ് MoU ലെബനന്റെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, യുഎസ് മധ്യസ്ഥതയില്‍ ലെബനനും ഇസ്രയേലും തമ്മിലുണ്ടാക്കിയ പ്രത്യേക ചട്ടക്കൂട് കരാര്‍ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.