Popular Posts

whatsapp image 2026 06 30 at 12.08.06 pm

എസ്.ഐ.ആര്‍: കുടിയേറ്റക്കാരെ കണ്ടെത്താനോ പൗരാവകാശം നിഷേധിക്കാനുള്ള ബോധപൂര്‍വമായ ശ്രമമോ ?

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്.ഐ.ആര്‍) പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. എസ്.ഐ.ആര്‍ എങ്ങിനെ ഇന്ത്യയിലെ പൗരസമൂഹത്തെ ബാധിക്കുന്നു എന്ന വിഷയത്തില്‍ ഇന്ന് സാമാന്യബോധമുള്ള ആര്‍ക്കും വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് മലയാളിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ടെലഗ്രാഫ് മുന്‍ എംഡിറ്ററുമായ ആര്‍ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ പാസ്പോര്‍ട്ട് പുതുക്കല്‍ നടപടികള്‍ പോലും തടസ്സപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗൗരവമേറിയ ചില ചര്‍ച്ചകള്‍ പൗരസമൂഹത്തില്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. അതേസമയം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരില്‍ ആരംഭിച്ച എസ്.ഐ.ആര്‍ പ്രക്രിയയിലൂടെ എത്ര പേരെ കണ്ടെത്തി എന്ന് വിശദീകരിക്കാനുള്ള ബാധ്യത അധികൃതര്‍ക്കുണ്ട്. നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം വെട്ടിനിരത്തപ്പെട്ടത് രാജ്യത്തിന്റെ സന്തതികളായ സ്വന്തം പൗരന്മാരെയാണ് എന്നതാണ് യാഥാര്‍ഥ്യം.

2025 ജൂണ്‍ 24-നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായി ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. അതിനുശേഷം, 2025 ജൂലൈ ഒന്നിനാണ് ബിഹാറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇന്ന്, 2026 ജൂണ്‍ 30-ല്‍ എത്തിനില്‍ക്കുമ്പോള്‍ ഈ തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ അതിന്റെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രധാന മാറ്റങ്ങളും കണക്കുകളും താഴെ നല്‍കുന്നു:

ഒരു വര്‍ഷത്തെ പ്രധാന നാള്‍വഴികളും കണക്കുകളും:

5 കോടിയിലധികം വോട്ടര്‍മാരെ ഒഴിവാക്കി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 സംസ്ഥാനങ്ങളിലായി നടന്ന ഒന്നും രണ്ടും ഘട്ടങ്ങളില്‍ നിന്ന് മാത്രം 5 കോടിയിലധികം (5.18 കോടി) വോട്ടര്‍മാരെയാണ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.
ബംഗാളിലെ പ്രതിസന്ധി: പശ്ചിമ ബംഗാളില്‍ മാത്രം 27 ലക്ഷത്തോളം പേര്‍ക്ക് ഈ പരിശോധനയിലെ പൊരുത്തക്കേടുകള്‍ കാരണം വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ അപ്പീലുകള്‍ ഇപ്പോഴും ജുഡീഷ്യല്‍ ട്രിബ്യൂനലുകളുടെ പരിഗണനയിലാണ്.
ക്ഷേമപദ്ധതികളിലെ നിയന്ത്രണം: വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡുകളും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും റദ്ദാക്കപ്പെടുന്ന സാഹചര്യം ഈ ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായി.

ഇപ്പോള്‍ നടക്കുന്നത് (മൂന്നാം ഘട്ടം):

നിലവില്‍ ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഹരിയാന ഉള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

ഈ ജൂണ്‍ 30 മുതല്‍ വരും ദിവസങ്ങളില്‍ ബി.എല്‍.ഒമാര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും, വോട്ടര്‍മാരെ അവരുടെ കുടുംബാംഗങ്ങളുമായി സിസ്റ്റത്തില്‍ ബന്ധിപ്പിക്കുന്ന ‘ഫാമിലി മാപ്പിംഗ്’ (Family Mapping) നടത്തുകയും ചെയ്യും. ഈ വര്‍ഷം ഒക്ടോബര്‍ ആദ്യവാരത്തോടെ ഈ സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക പുറത്തുവരും.

പൗരത്വ ഭേദഗതി നിയമത്തിലൂടെ സാധ്യമാകാത്തത് എസ്.ഐ.ആറിലൂടെ നടപ്പിലാക്കാനുള്ള ഗൂഢതന്ത്രമാണെന്ന് ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. കള്ളപ്പണക്കാരെ പിടിക്കാന്‍ നോട്ട് നിരോധിച്ചവര്‍ ഏതു കള്ളപ്പണക്കാരെയാണ് പിടികൂടി നിര്‍വീര്യമാക്കിയതെന്ന് നാളിതുവരെ വ്യക്തമാക്കിയിട്ടില്ല. ചോദ്യം ചോദിക്കാനുള്ള ആര്‍ജ്ജവം പൗരസമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ശ്വാസം നിലയ്ക്കുന്നത് മഹത്തായ ജനാധിപത്യത്തിന്റേതാണ് എന്ന് നാം തിരിച്ചറിയണം.