Popular Posts

rural india web

ഗ്രാമീണ ഇന്ത്യയില്‍ കൂലി കുതിച്ചുയര്‍ന്നോ? കേന്ദ്രത്തിന്റെ ‘മാന്ത്രിക കണക്കുകള്‍’ പൊളിച്ചടുക്കി ഞെട്ടിക്കുന്ന റിപോര്‍ട്ട്!

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയിലെ കൂലി വര്‍ധനവില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്ര ലേബര്‍ ബ്യൂറോ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളില്‍ വലിയ രീതിയില്‍ തിരിമറി നടത്തിയതായി റിപോര്‍ട്ട്. പ്രമുഖ ഇന്‍സ്റ്റിറ്റിയൂഷനല്‍ റിസര്‍ച്ച് സ്ഥാപനമായ ‘സിസ്റ്റമാറ്റിക്സ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ഇക്വിറ്റീസ്’ (Systematix Institutional Equities) പുറത്തുവിട്ട പഠന റിപോര്‍ട്ടിലാണ് കേന്ദ്രത്തിന്റെ ഈ ‘കണക്കിലെ കളി’ കൃത്യമായി പൊളിച്ചുകാണിക്കുന്നത്.

മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ഗ്രാമീണ മേഖലയിലെ വേതന വളര്‍ച്ച പ്രതിവര്‍ഷം വെറും 5 ശതമാനം മാത്രമായിരുന്നു. കോവിഡിന് ശേഷം നഗരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് മടങ്ങിയതോടെ പ്രതിസന്ധി രൂക്ഷമാകുകയും വരുമാനം സ്തംഭനാവസ്ഥയിലാകുകയും ചെയ്തു. എന്നാല്‍, ഈ പ്രതിസന്ധികളെല്ലാം നിലനില്‍ക്കെത്തന്നെ ഗ്രാമീണ വേതന വളര്‍ച്ച പെട്ടെന്ന് 6 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി ഉയര്‍ന്നതായി ലേബര്‍ ബ്യൂറോയുടെ പുതിയ ഡാറ്റ കാണിച്ചു. ഇതേക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കേന്ദ്രത്തിന്റെ ‘മാജിക്’ പുറത്തായത്.

എങ്ങനെയാണ് ഈ ‘ഡാറ്റാ അട്ടിമറി’ നടത്തിയത്?

ഗ്രാമീണ തൊഴിലാളികള്‍ വളരെ കുറവുള്ളതും ഉയര്‍ന്ന കൂലിയുള്ളതുമായ ചില ചെറിയ സംസ്ഥാനങ്ങള്‍ക്ക് ഔദ്യോഗിക സര്‍വേയില്‍ അമിത പ്രാധാന്യം (Weightage) നല്‍കിയാണ് കേന്ദ്രം ഈ ശരാശരി നിരക്ക് ഉയര്‍ത്തിക്കാണിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഡല്‍ഹി (NCR), ഗോവ, പുതുച്ചേരി എന്നീ 10 സംസ്ഥാനങ്ങളിലെ ഗ്രാമീണ തൊഴിലാളികളുടെ ആകെ പങ്കാളിത്തം രാജ്യത്ത് വെറും 1.5 ശതമാനത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ സര്‍വേ എടുത്തപ്പോള്‍ ഇവരുടെ പ്രാധാന്യം (Weightage) 11 ശതമാനമായി കേന്ദ്രം നിശബ്ദമായി ഉയര്‍ത്തി! ഇതിന് പകരമായി ഭൂരിഭാഗം ഗ്രാമീണ തൊഴിലാളികളുമുള്ള മധ്യപ്രദേശ്, ഒഡിഷ, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളുടെ പ്രാധാന്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
പുതുതായി വെയിറ്റേജ് കൂട്ടിയ ഡല്‍ഹി, ഗോവ തുടങ്ങിയ മേഖലകളില്‍ കാര്‍ഷിക തൊഴിലാളികള്‍ കുറവാണ്, പകരം വൈദഗ്ധ്യമുള്ള (Skilled) തൊഴിലാളികളാണ് കൂടുതല്‍. അതുകൊണ്ടുതന്നെ ഇവിടുത്തെ ശരാശരി ദിവസക്കൂലി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 50 മുതല്‍ 55 ശതമാനം വരെ കൂടുതലാണ്. ഇവരുടെ ഉയര്‍ന്ന കൂലി നിരക്ക് രാജ്യത്തെ ആകെ ശരാശരിയിലേക്ക് ചേര്‍ത്തപ്പോള്‍ ഗ്രാമീണ മേഖലയിലാകെ വലിയ വേതന വര്‍ധനവ് ഉണ്ടായതായി പേപ്പറുകളില്‍ തെളിഞ്ഞു.


ഇന്ത്യയുടെ ഗ്രാമീണ വേതനത്തിലെ വിചിത്രമായ കേസ്’

‘ഇന്ത്യയുടെ ഗ്രാമീണ വേതനത്തിലെ വിചിത്രമായ കേസ്’ (The curious case of India’s rural wages windfall) എന്ന പേരില്‍ സിസ്റ്റമാറ്റിക്സ് ഗ്രൂപ്പ് പുറത്തിറക്കിയ റിപോര്‍ട്ടില്‍ സിഇഓ ധനഞ്ജയ് സിന്‍ഹയുടെ അഭിപ്രായങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
2025 ജൂലൈ മുതലുള്ള ഗ്രാമീണ വേതന വിവരങ്ങളിലാണ് ഈ അസ്വാഭാവികമായ മാറ്റം ദൃശ്യമാകുന്നത്. മാസങ്ങള്‍ക്കുള്ളില്‍ വേതന വളര്‍ച്ച 17 ശതമാനമായി കുതിച്ചുയര്‍ന്നു. ഇത് തൊഴില്‍ വിപണിയിലെ യഥാര്‍ത്ഥ പുരോഗതി കൊണ്ടല്ല, മറിച്ച് സര്‍വേയുടെ രീതിശാസ്ത്രത്തില്‍ (Sampling methodology) വരുത്തിയ രഹസ്യമായ മാറ്റം കൊണ്ട് മാത്രമാണ്. ഇന്ത്യയിലെ യഥാര്‍ത്ഥ ജനസംഖ്യാ വിന്യാസത്തിന് ഒട്ടും നിരക്കാത്തതാണ് ഈ പുതിയ കണക്കുകള്‍.’

വിലക്കയറ്റ കണക്കുകളെയും ബാധിക്കും; വന്‍ പ്രത്യാഘാതം!

ഈ ഡാറ്റാ തിരിമറി രാജ്യത്തിന്റെ മറ്റ് സാമ്പത്തിക സൂചകങ്ങളെയും തെറ്റായ രീതിയില്‍ ബാധിക്കുമെന്ന് റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ വിലക്കയറ്റം അളക്കുന്ന പുതിയ ഉപഭോക്തൃ വിലസൂചികയും (CPI) ഇതേ ഗ്രാമീണ സര്‍വേ ഘടനയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ നാണയപ്പെരുപ്പം (Inflation) കണക്കാക്കുന്നതിലും സമാനമായ വലിയ തെറ്റുകള്‍ സംഭവിക്കാം. 2011-ന് ശേഷം രാജ്യത്ത് പുതിയ സെന്‍സസ് (ജനസംഖ്യാ കണക്കെടുപ്പ്) നടക്കാത്തത് ഈ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

സമീപകാലത്തായി രാജ്യത്തെ തൊഴില്‍ വിവരങ്ങള്‍, ഔദ്യോഗിക സര്‍വേകള്‍ എന്നിവയുടെ വിശ്വാസ്യതയെയും സുതാര്യതയെയും കുറിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ തുടര്‍ച്ചയാണ് ഗ്രാമീണ വേതന കണക്കുകളിലെ ഈ പുതിയ അപാകതയെന്ന് ധനഞ്ജയ് സിന്‍ഹ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *