1
1
കാരക്കാസ്: വെനസ്വേലയെ നടുക്കി അടുത്തടുത്തായി ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളില്‍ തലസ്ഥാന നഗരമായ കാരക്കാസില്‍ വന്‍തോതില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. നഗരങ്ങളിലെങ്ങും ജനങ്ങള്‍ ഭീതിയിലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് താത്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാശനഷ്ടങ്ങളെത്തുടര്‍ന്ന് കാരക്കാസിലെ സിമോണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളം അടിയന്തരമായി അടച്ചു.
കാരക്കാസിന് പടിഞ്ഞാറ് മാറി മോറോണ്‍ നഗരത്തിന് സമീപമാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. കൃത്യം ഒരു മിനിറ്റിനുള്ളില്‍ ഇതേ പ്രദേശത്ത് രണ്ടാമത്തെ ശക്തമായ ചലനവുമുണ്ടായി. വന്‍തോതില്‍ ആളപായത്തിനും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മരണസംഖ്യ ഒരു ലക്ഷം കടന്നേക്കാമെന്ന് മുന്നറിയിപ്പ്!
ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വെനസ്വേലന്‍ ഭരണകൂടം ഔദ്യോഗിക മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് മരണസംഖ്യ 10,000 മുതല്‍ 100,000 വരെയാകാന്‍ സാധ്യതയുണ്ട്. ‘പേജര്‍’ എന്ന ആധുനിക സാങ്കേതികവിദ്യ വഴി ജനസാന്ദ്രതയും കെട്ടിടങ്ങളുടെ ഘടനയും വിശകലനം ചെയ്താണ് യുഎസ്ജിഎസ് ഈ പ്രവചനം നടത്തിയത്.
തലസ്ഥാനമായ കാരക്കാസ് കൂടാതെ മിരാന്‍ഡ, ലാ ഗൈ്വറ, അരഗ്വ, കാരബോബോ, ഫാല്‍ക്കണ്‍ എന്നീ സംസ്ഥാനങ്ങളെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്. വന്‍തോതില്‍ തുടര്‍ച്ചലനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ തകര്‍ന്ന വീടുകളില്‍ നിന്ന് ആളുകളോട് മാറിത്താമസിക്കാന്‍ ദുരന്തനിവാരണ സേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് തകര്‍ന്നു; ജനങ്ങള്‍ തെരുവില്‍
ഭൂകമ്പത്തിന് പിന്നാലെ കാരക്കാസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണമായി തടസ്സപ്പെട്ടതായി ലണ്ടന്‍ ആസ്ഥാനമായുള്ള നെറ്റ്ബ്ലോക്സ് അറിയിച്ചു. ഇത് രക്ഷാപ്രവര്‍ത്തന വിവരങ്ങള്‍ കൈമാറുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
വെനസ്വേലന്‍ ജനസംഖ്യയുടെ 80 ശതമാനവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലാണ് ജീവിക്കുന്നത്. കാരക്കാസിലെ അല്‍താമിറ പോലുള്ള പ്രദേശങ്ങളില്‍ ദുര്‍ബലമായ മണ്ണില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ആദ്യം തകര്‍ന്നുവീണത്. തുടര്‍ച്ചലന ഭീതിയില്‍ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങാതെ തെരുവുകളില്‍ കഴിയുകയാണ്. ഭൂകമ്പത്തിന്റെ പ്രകമ്പനം അയല്‍രാജ്യങ്ങളായ ബ്രസീലിലും കൊളംബിയയിലും അനുഭവപ്പെട്ടു.
ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടല്‍
സഹായഹസ്തവുമായി അമേരിക്ക: വെനസ്വേലയിലെ ഭൂകമ്പം അതിഭയങ്കരമാണെന്നും വലിയ രീതിയില്‍ ആളപായമുണ്ടായിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അമേരിക്ക സഹായിക്കാന്‍ പൂര്‍ണ്ണ സജ്ജരാണെന്നും തിരച്ചില്‍-രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ സാമഗ്രികളും ഉടന്‍ അയക്കുമെന്നും അണ്ടര്‍ സെക്രട്ടറി ജെറമി ലെവിന്‍ വ്യക്തമാക്കി. (കഴിഞ്ഞ ജനുവരിയിലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ നിലവില്‍ യുഎസ് തടവിലാണ്).
പിന്തുണയുമായി പാനമയും ഇക്വഡോറും: പാനമ പ്രസിഡന്റ് ഹൊസെ റൗള്‍ മുലിനോ വെനസ്വേലയ്ക്ക് അടിയന്തര മാനുഷിക സഹായം വാഗ്ദാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ ദുരന്തസമയത്ത് മനുഷ്യത്വത്തിനാണ് മുന്‍ഗണനയെന്ന് വ്യക്തമാക്കിക്കൊണ്ട് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നോബോവയും സഹായസംഘങ്ങളെ കാരക്കാസിലേക്ക് നിയോഗിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍.