1
1
വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: കഴിഞ്ഞ ആഴ്ച അമേരിക്കയും ഇറാനും തമ്മില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ചര്‍ച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ചതായും ഖത്തറിലെ ദോഹയില്‍ ഇന്ന് ചര്‍ച്ച നടക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. വരും ദിവസങ്ങളില്‍ അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും പദ്ധതിയില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേമസയം, മുന്‍പ് മരവിപ്പിക്കപ്പെട്ട ഇറാന്റെ സാമ്പത്തിക ഫണ്ടുകള്‍ തിരികെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി തങ്ങളുടെ വിദഗ്ധ പ്രതിനിധി സംഘം ദോഹ സന്ദര്‍ശിക്കുമെന്നും ഇറാന്‍ അറിയിച്ചു. ഇതിന് പുറമെ ഹോര്‍മുസ് കടലിടുക്കിലെ ഫ്രാന്‍സിന്റെ മൈന്‍ നീക്കല്‍ പദ്ധതികളെ തള്ളിയ ടെഹ്‌റാന്‍, സങ്കീര്‍ണ്ണമായ നിലവിലെ സാഹചര്യത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കരുതെന്ന് പാരീസിന് മുന്നറിയിപ്പും നല്‍കി.
ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് ഇറാന്‍; അന്തിമ കരാറിന് വ്യവസ്ഥകള്‍
അമേരിക്കയുമായുള്ള ബന്ധത്തെക്കുറിച്ച് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തത വരുത്തി. ആണവ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ കരാറിലേക്കുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ധാരണാപത്രത്തിലെ (MoU) 13-ാം വകുപ്പ് അനുസരിച്ച് അന്തിമ ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കില്‍ ലബനാന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക (വകുപ്പ് 1), ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്നുള്ള യുഎസ് നാവിക ഉപരോധം നീക്കുക (വകുപ്പ് 4), ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക (വകുപ്പ് 5), എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കുക (വകുപ്പ് 10), മരവിപ്പിച്ച ഫണ്ട് റിലീസ് ചെയ്യുക (വകുപ്പ് 11) എന്നീ കാര്യങ്ങളില്‍ കൃത്യമായ പുരോഗതി ഉണ്ടാകണം.