1
1
യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഖബറടക്കത്തിനുള്ള തിയ്യതി പ്രഖ്യാപിച്ചു.
ഖബറടക്കം ജൂലൈ ഒന്‍പതിന് നടക്കും. ജന്മനാടായ മഷ്ഹദിലാണ് ഖബറടക്കം നടക്കുക. ചടങ്ങുകള്‍ ജൂലൈ നാലിന് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഖാംനഇ കൊല്ലപ്പെട്ട് 106 ാം ദിവസമാണ് ഇറാന്‍ ഭരണകൂടം അദ്ദേഹത്തിന്റെ ഖബറടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ട് ഇറാനെ നയിച്ച ഖാംനഇ ഫെബ്രുവരി 28നാണ് അമേരിക്കന്‍ ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിലായി ഏപ്രില്‍ മാസമാണ് ഖബറടക്കം നടത്താന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ യുദ്ധം കാരണം ചടങ്ങ് മാറ്റിവെയ്ക്കുകയായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സംസ്‌കാരത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. വിപുലമായ ചടങ്ങ് നടത്താന്‍ വേണ്ടിയുള്ള സാഹചര്യം ഒരുക്കുന്ന ശ്രമത്തിലായിരുന്നു ഇറാന്‍. ഇതിനായി നേരത്തെ തന്നെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ ഭൗതീക ശരീരം ഇറാന്‍ ഭരണകൂടം ഇനിയും ഖബറടക്കിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പലതവണ വന്നിരുന്നു.
ഇസ്രയേല്‍-യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ബഹുജന ഒത്തുചേരലുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുമാണ് ഖബറടക്കം ഭരണകൂടം നീട്ടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് മാസത്തിലും ഖാംനഇയുടെ ഖബറടക്കം നടത്താന്‍ ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ യുഎസ്, ഇസ്രയേല്‍ ആക്രമങ്ങള്‍ ശക്തമായതോടെ ഖബറടക്കത്തിനുള്ള പ്രാരംഭ പദ്ധതികള്‍ ഇറാന്‍ ഉപേക്ഷിക്കുകയായിരുന്നു.