1
1
നമ്പര്‍ വണ്‍ എന്ന് മേനി നടിക്കുന്ന കേരളത്തിന്റെ ആരോഗ്യരംഗത്തിന് എന്തു സംഭവിച്ചു എന്ന ആശങ്ക മലയാളികളെ മഥിക്കുകയാണ്. മികച്ച ആരോഗ്യ സൂചകങ്ങളാല്‍ ലോകശ്രദ്ധ നേടിയ കേരളത്തിലെ ആരോഗ്യമേഖല ഇന്ന് ചില പുതിയ ആശങ്കകളിലൂടെയും വിവാദങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. സമീപകാലത്തായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ചികില്‍സാ പിഴവ് ആരോപണങ്ങളും, അതിനെത്തുടര്‍ന്നുണ്ടായ ജനവികാരവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ ആരോഗ്യമേഖലയില്‍ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതും ഈ രണ്ടു പ്രതിഭാസങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യവും പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്.
ചികില്‍സാ പിഴവുകള്‍: ദുരൂഹതയോ അതോ വ്യവസ്ഥിതിയുടെ പാളിച്ചയോ?
അടുത്ത കാലത്തായി പ്രസവ ചികില്‍സ, ശസ്ത്രക്രിയകള്‍, മരുന്നു വിതരണത്തിലെ പാളിച്ചകള്‍, ചികില്‍സാ വേളയിലെ മരണങ്ങളും ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പൊതുസമൂഹം ആശങ്കകളും ആക്ഷേപങ്ങളും ഉന്നയിക്കുമ്പോള്‍ ഈ രംഗത്തെ വിദഗ്ധരും ഔദ്യോഗിക സംവിധാനങ്ങളും മുന്നോട്ടുവെക്കുന്നത് വിവിധങ്ങളായ വിശദീകരണങ്ങളാണ്.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാരും നഴ്സുമാരും നേരിടുന്ന അമിത ജോലിഭാരം പലപ്പോഴും അശ്രദ്ധയിലേക്ക് നയിച്ചേക്കാം. ഒരു ചികില്‍സാ പരാജയം ഉണ്ടാകുമ്പോള്‍ രോഗിയുടെ ബന്ധുക്കളോട് കൃത്യമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തത് പലപ്പോഴും ദുരൂഹതയെന്ന സംശയത്തിലേക്ക് വഴിമാറുന്നു. നിയമനടപടികളെ ഭയന്ന് ആവശ്യമില്ലാത്ത പരിശോധനകള്‍ പോലും നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുണ്ട്. ഇങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍.
കോര്‍പറേറ്റ് നിക്ഷേപങ്ങളുടെ കുതിച്ചുചാട്ടം
കേരളത്തിലെ ആരോഗ്യരംഗം കോര്‍പറേറ്റ് ഭീമന്മാര്ക്ക് വലിയൊരു നിക്ഷേപ സാധ്യതയാണ് തുറന്നുനല്‍കുന്നത്. വന്‍കിട ആശുപത്രി ശൃംഖലകള്‍ കേരളത്തിലെ പ്രമുഖ ആശുപത്രികള്‍ ഏറ്റെടുക്കുന്നതും പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ഉയര്‍ന്ന സാക്ഷരത, ആരോഗ്യബോധം, പ്രവാസി മലയാളി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വലിയൊരു ജനവിഭാഗം എന്നിവയാണ് കോര്‍പ്പറേറ്റ് നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.
കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യയും മികച്ച ചികിത്സാ സൗകര്യങ്ങളും കേരളത്തില്‍ എത്തിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇതിന് മറ്റൊരു വശവുമുണ്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപത്തിന്മേല് വലിയ ലാഭം കൊയ്യേണ്ടതുണ്ട്. ഇത് ചികില്‍സയെ ഒരു കാരുണ്യപ്രവര്‍ത്തി എന്നതിലുപരി ഒരു വിപണി ഉല്‍പ്പന്നമാക്കി മാറ്റുന്നു. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിശ്ചിത വരുമാന ടാര്‍ഗെറ്റുകള്‍ നല്‍കുന്നത് ചികില്‍സാ രീതികളെ സ്വാധീനിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനാവശ്യമായ ലാബ് പരിശോധനകളും സിസേറിയനുകളും ശസ്ത്രക്രിയകളും വര്‍ധിക്കാന്‍ ഇത് കാരണമാകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. രോഗികളുടെ എണ്ണത്തിനനുസരിച്ച് വിദഗ്ദ്ധരായ ജീവനക്കാരെ നിയമിക്കാതെ ചെലവ് ചുരുക്കാന്‍ ശ്രമിക്കുന്നത് ചികില്‍സാ പിഴവുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
ചികില്‍സാ പിഴവുകള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വമായ ദുരൂഹതയേക്കാള്, ചികില്‍സാരംഗം ഒരു വ്യവസായമായി മാറുന്നതിലെ വ്യവസ്ഥാപിത തകരാറുകളാണ് കാണാന്‍ കഴിയുന്നത്. കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ചികില്‍സയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെങ്കിലും, അത് സാധാരണക്കാരന് താങ്ങാനാകാത്തതും മനുഷ്യത്വമില്ലാത്തതുമായി മാറരുത്.
ആരോഗ്യമേഖലയിലെ ഈ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിക്കാനും, ചികില്‍സാ പിഴവുകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനും ശക്തമായ സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങളും ക്ലിനിക്കല്‍ ഓഡിറ്റിംഗും അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കേരളത്തിന്റെ ആരോഗ്യ മാതൃകയെ അതിന്റെ പൂര്‍ണ്ണമായ ഗുണമേന്മയോടെ നിലനിര്‍ത്താന്‍ സാധിക്കൂ.