1
1
വാഷിങ്ടണ്‍: ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഹെയ്തിയെ തകര്‍ത്ത് മൊറോക്കോ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ വിജയം. ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. പൊരുതിക്കളിച്ച ഹെയ്തി ഈ തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് പുറത്തായി.
മത്സരത്തിന്റെ പത്താം മിനിറ്റില്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോയുടെ സെല്‍ഫ് ഗോളിലൂടെ ഹെയ്തിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 39-ാം മിനിറ്റില്‍ സൂപ്പര്‍ താരം അഷ്‌റഫ് ഹക്കീമിയിലൂടെ മൊറോക്കോ സമനില പിടിച്ചു. നാല് മിനിറ്റുകള്‍ക്കകം വില്‍സണ്‍ ഇസിഡോറിലൂടെ ഹെയ്തി വീണ്ടും ലീഡെടുത്ത് മൊറോക്കോയെ ഞെട്ടിച്ചു (2-1).
വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന മൊറോക്കോ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്‌ട്രൈക്കര്‍ സായ്ബാരിയിലൂടെ വീണ്ടും സമനില പിടിച്ചതോടെ ആദ്യപകുതി 2-2 എന്ന നിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ മൊറോക്കോ ഹെയ്തിയെ കളംനിറഞ്ഞു കളിച്ചു. 78-ാം മിനിറ്റില്‍ സുഫിയാന്‍ റഹീമിയും, മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെ (89-ാം മിനിറ്റ്) ഗെസിം യാസിനും ലക്ഷ്യം കണ്ടതോടെ മൊറോക്കോ 4-2 ന്റെ ആധികാരിക വിജയം ഉറപ്പിച്ചു.
ഗ്രൂപ്പ് സിയില്‍ നിന്ന് 7 പോയിന്റോടെ ബ്രസീലാണ് ചാമ്പ്യന്മാരായത്. രണ്ടാമതുള്ള മൊറോക്കോയ്ക്കും 7 പോയിന്റ് തന്നെയുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ കരുത്തിലാണ് കാനറികള്‍ ഒന്നാമതെത്തിയത്. 3 പോയിന്റുള്ള സ്‌കോട്ട്ലന്‍ഡ് മൂന്നാം സ്ഥാനത്താണ്. അടുത്ത റൗണ്ടില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരുമായാണ് ബ്രസീല്‍ ഏറ്റുമുട്ടുക.