1
1
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്രിക്കറ്റ് കോച്ചിന് നാലാമത്തെ കേസിലും കഠിനതടവ്. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള 28 വര്‍ഷം കഠിനതടവിനും 54,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. ഈ കേസില്‍ പ്രതി 7 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
പ്രതിക്കെതിരെയുള്ള മുന്‍പത്തെ മൂന്ന് കേസുകളിലെ ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഈ നാലാം കേസിലെ ശിക്ഷാ കാലാവധി ആരംഭിക്കുകയുള്ളൂ എന്ന് കോടതി വിധിന്യായത്തില്‍ പ്രത്യേകം വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ശക്തമായ വാദം കണക്കിലെടുത്താണ് കോടതിയുടെ ഈ ഉത്തരവ്. ഇതോടെ നാല് കേസുകളിലായി പ്രതിക്ക് ആകെ 127 വര്‍ഷം തടവും രണ്ട് ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതില്‍ ആകെ 42 വര്‍ഷത്തെ തടവുശിക്ഷയാണ് പ്രതി അനുഭവിക്കേണ്ടി വരിക.
2018 ജൂണിലാണ് പീഡനത്തിനിരയായ കുട്ടി പ്രതിയുടെ കീഴില്‍ ക്രിക്കറ്റ് പരിശീലനത്തിനായി എത്തുന്നത്. ആദ്യ കുറച്ചു നാളുകള്‍ക്ക് ശേഷം, ഫിറ്റ്നസ് പരിശീലനത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ ജിമ്മിലേക്കും ബാത്ത്റൂമിലേക്കും കൊണ്ടുപോയി പ്രതി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്‌നചിത്രങ്ങളും പ്രതി മൊബൈലില്‍ പകര്‍ത്തി.
ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് കടുത്ത വിഷാദ രോഗത്തിലായ കുട്ടി 2021-ല്‍ കോച്ചിങ് നിര്‍ത്തി. ഇതിനിടെ പീഡനത്തില്‍ മനംനൊന്ത് കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ മനോരോഗ വിദഗ്ദ്ധനെ കാണിച്ച് ദീര്‍ഘനാള്‍ ചികിത്സ നല്‍കി. വിവരം പുറത്തുപറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ കുട്ടി പീഡനവിവരം ആരോടും പറഞ്ഞിരുന്നില്ല.
2024-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയായ മനുവിനെ കണ്ട് ഭയന്ന് ബഹളം വെച്ചതോടെയാണ് വര്‍ഷങ്ങളായി മറഞ്ഞുകിടന്ന പീഡനവിവരങ്ങള്‍ പുറംലോകം അറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തുവന്നതോടെയാണ് മറ്റ് ഇരകള്‍ക്കും പരാതി നല്‍കാനുള്ള ധൈര്യം ലഭിച്ചത്.
തുടര്‍ന്ന് പ്രതിക്കെതിരെ ആകെ ആറ് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസുകളിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബാക്കി രണ്ട് കേസുകളുടെ ശാസ്ത്രീയ പരിശോധനാ റിപോര്‍ട്ട് ലഭിച്ച ശേഷം വിസ്താരം ആരംഭിക്കും.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ കോടതിയില്‍ ഹാജരായി. കന്റോണ്‍മെന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷെഫിന്‍ എസ്, നിതിന്‍ നളന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.