1
1
തൃശ്ശൂര്‍: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി തൃശ്ശൂരില്‍ പോലിസ് നടത്തിയ റെംയ്ഡില്‍ ഭാഗമായി നടത്തിയ വന്‍ ലഹരിവേട്ടയില്‍ 320 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ റിസോര്‍ട്ടില്‍ നിന്ന് ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തെ വഴിമധ്യേ വെച്ചാണ് പോലീസ് വലയിലാക്കിയത്. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂര്‍ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി, ചാവക്കാട് സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായ ലഹരിക്കടത്ത് സംഘാംഗങ്ങള്‍.
ശരീരത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് യാത്ര; വഴിത്തിരിവായത് വാണിയംപാറയിലെ പരിശോധന
പ്രതികളായ നാല് പേരും പാലക്കാട് മുതലമടയിലെ റിസോര്‍ട്ടിലായിരുന്നു താമസം. അവിടെ വെച്ച് എംഡിഎംഎ ഉപയോഗിച്ച ശേഷം ഇവര്‍ തൃശ്ശൂരിലേക്ക് തിരിച്ചു. വഴിമധ്യേ വാണിയംപാറയില്‍ വെച്ച് പോലീസ് സംഘത്തിന്റെ പരിശോധനയിലാണ് ഇവര്‍ ആദ്യം കുടുങ്ങുന്നത്. വിശദമായ പരിശോധനയില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീകളില്‍ ഒരാളുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
വാടകവീട്ടിലും വര്‍ക്ക്‌ഷോപ്പിലും റെയ്ഡ്; ചാവക്കാട്ടുനിന്ന് വന്‍ ശേഖരം
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ലഹരി ശൃംഖലയുടെ വലിയ വിവരങ്ങള്‍ പുറത്തുവന്നത്. പണ്ടാരക്കാടുള്ള പ്രതി ഷിഫാസിന്റെ വാടകവീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. പോലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് ഈ വീട്ടില്‍ നിന്ന് ഷിഫാസിന്റെ സുഹൃത്തായ സുമേഷ് വന്‍തോതില്‍ ലഹരിമരുന്ന് മാറ്റിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ചാവക്കാട് പഞ്ചാരമുക്കിലുള്ള ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക്‌ഷോപ്പില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഒളിപ്പിച്ചു വെച്ചിരുന്ന 300 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇതോടെ ലഹരിമരുന്ന് മാറ്റാന്‍ സഹായിച്ച സുമേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, കോള്‍ റെക്കോര്‍ഡുകള്‍, വാട്സ്ആപ്പ് ചാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വന്‍തോതില്‍ മാരക ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടവും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിതരണ ശൃംഖലയിലെ മറ്റ് പ്രധാന കണ്ണികളെയും ഉടന്‍ തന്നെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.