1
1
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പണം വെച്ച് കോഴിപ്പോര് നടത്തിയ അഞ്ച് പേരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് പത്ത് പോരുകോഴികളെയും പന്തയപ്പണവും പോലീസ് പിടിച്ചെടുത്തു. കൗസപ്പാറ സ്വദേശി രാജന് (37), കോയമ്പത്തൂര്‍ സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി മൂലനൂര്‍ സ്വദേശി സതീഷ് കുമാര്‍ (33), പൊള്ളാച്ചി ഉടുമല്‍പേട്ട് സ്വദേശി ശെന്തില്‍ കുമാര്‍ (51), തിരുപ്പൂര്‍ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവരാണ് പിടിയിലായത്.
വടകരപ്പതി പരിശക്കല്‍ എലിക്കിലാംപാറയിലെ ഒഴിഞ്ഞ പറമ്പില്‍ കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ സംഘം പിടിയിലാകുന്നത്. പ്രതികളില്‍ നിന്ന് പത്ത് പോരുകോഴികളെ കൂടാതെ പന്തയപ്പണമായ 6,020 രൂപയും പോലീസ് കണ്ടെടുത്തു.
പിടിച്ചെടുത്ത പത്ത് പോരുകോഴികളെയും പിന്നീട് കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു. ലേലത്തിലൂടെ 41,700 രൂപയാണ് സ്റ്റേഷന് ലഭിച്ചത്. ഈ മേഖലയില്‍ കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ കോഴിപ്പോര് സംഘത്തെ പോലീസ് പിടികൂടിയിരുന്നു. പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.