1
1
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച നടന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനില്‍ 5 വയസിനു താഴെയുള്ള 17.53 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ബൂത്തുകളില്‍ തുള്ളി മരുന്ന് നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെമുരളീധരന്‍ അറിയിച്ചു. 19.8 ലക്ഷം കുട്ടികള്‍ക്കാണ് നല്‍കേണ്ടിയിരുന്നത്. 88.53 ശതമാനം കുട്ടികള്‍ ഇന്ന് മരുന്നു സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും വോളന്റിയര്‍മാരും തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് അവശേഷിക്കുന്ന കുട്ടികള്‍ക്ക് കൂടി മരുന്ന് നല്‍കും. പോളിയോ വൈറസിനെ തുടച്ച് നീക്കാന്‍ അഞ്ചു വയസു വരെയുള്ള എല്ലാ കുട്ടികളും മരുന്ന് സ്വീകരിക്കണം. മരുന്ന് ഇന്ന് സ്വീകരിക്കാത്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ മുന്‍കൈ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അഭ്യര്‍ഥിച്ചു.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയാണ് മന്ത്രി കെ മുരളീധരന്‍ നിര്‍വഹിച്ചത്.
നിപ, ഷിഗെല്ല തുടങ്ങിയ പകര്‍ച്ചവ്യാധികളെ തടയാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ 26 വര്‍ഷമായി പോളിയോ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഭാവിയിലെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് മുന്‍കരുതലുകള്‍ ശക്തമാക്കണം. ആരോഗ്യമേഖല പൊതുമേഖലയില്‍ തന്നെ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. നദികളും തോടുകളും മാലിന്യമുക്തമാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് ഈ വര്‍ഷം തന്നെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ കേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ അനു എസ് നായര്‍ ഐഎഎസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി മീനാക്ഷി, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ലോകാരോഗ്യ സംഘടന പോളിയോ സര്‍വയിലന്‍സ് ഓഫീസര്‍ ഡോ. സൈറ ബാനു, കൗണ്‍സിലര്‍മാരായ സൂര്യ.വി.എസ്, അഡ്വ ജി.വേണുഗോപാല്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ.ബി.ഉണ്ണികൃഷ്ണന്‍, ഡോ. കെ.സന്ദീപ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി. പ്രസന്നകുമാരി, സ്റ്റേറ്റ് മാസ് എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ശില്പ ബാബു തോമസ്, ആരോഗ്യ കേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അര്‍ണോള്‍ഡ് ദീപക്, ആശുപത്രി സൂപ്രണ്ട് ഡോ.ജെ സ്വപ്‌ന കുമാരി, തുടങ്ങിയവര്‍ പങ്കെടുത്തു.