Popular Posts

whatsapp image 2026 07 01 at 9.22.50 am

സംസ്ഥാന ഭവന സെന്‍സസിന് തുടക്കമായി; സെല്‍ഫ് എന്യൂമറേഷന്‍ പാളി

തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാന ഭവന സെന്‍സസ് നടപടികള്‍ക്ക് ഇന്ന് (ജൂലൈ 1) ഔദ്യോഗികമായി തുടക്കമായി. ജൂലൈ 30 വരെ നീളുന്ന ഒന്നാം ഘട്ട വിവരശേഖരണത്തിലൂടെ സംസ്ഥാനത്തെ കെട്ടിടങ്ങളുടെയും അവയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും കൃത്യമായ കണക്കെടുപ്പാണ് ലക്ഷ്യമിടുന്നത്. ഇതിനായി അധ്യാപകരടക്കം 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 34 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയുമായി എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തുന്നതിന് മുന്‍പ്, തങ്ങള്‍ക്ക് നിശ്ചയിച്ചു നല്‍കിയ സെന്‍സസ് ബ്ലോക്കുകളുടെ ലേ ഔട്ട് മാപ്പ് സ്വന്തം കൈപ്പടയില്‍ തയാറാക്കുന്ന ജോലികളാകും ആദ്യ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുക. സംസ്ഥാനത്തുടനീളമുള്ള 59,300 ബ്ലോക്കുകളിലായി ഏകദേശം ഒരുകോടിയിലധികം (1,03,77,500) കെട്ടിടങ്ങളാണ് ഈ സെന്‍സസിന്റെ പരിധിയില്‍ വരുന്നത്.

പൊതുജനങ്ങള്‍ക്ക് സ്വന്തമായി ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 16 മുതല്‍ 30 വരെ ‘സെല്‍ഫ് എന്യൂമറേഷന്‍’ സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും അതിന് വളരെ തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. ആകെ കെട്ടിടങ്ങളുടെ 10 ശതമാനം പോലും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. എറണാകുളം ജില്ലയില്‍ മാത്രമാണ് അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ലഭിക്കുന്ന 11 അക്ക ഐ.ഡി എന്യൂമറേറ്റര്‍മാര്‍ക്ക് കൈമാറി കേവലം നാല് ചോദ്യങ്ങള്‍ കൊണ്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാമായിരുന്ന വലിയൊരു അവസരമാണ് ജനങ്ങളുടെ പങ്കാളിത്തക്കുറവ് മൂലം നഷ്ടമായത്. എങ്കിലും, അടഞ്ഞുകിടക്കുന്ന വീടുകള്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ചും കൃത്യമായ വിവരശേഖരണം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഈ ഭവന സെന്‍സസിന് ശേഷമുള്ള രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരിക്കും നടക്കുക.