Popular Posts

whatsapp image 2026 06 30 at 11.40.13 am

ഭൂകമ്പത്തിന് തൊട്ടുമുമ്പ് അമേരിക്ക നാടുകടത്തിയ വെനസ്വേലക്കാര്‍ തകര്‍ന്ന ഹോട്ടലിനുള്ളില്‍ കുടുങ്ങിയതായി ആശങ്ക; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കാരക്കാസ്/വാഷിംഗ്ടണ്‍: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ട 140-ലധികം വെനസ്വേലന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്ക. ഇവരെ പാര്‍പ്പിച്ചിരുന്ന വെനസ്വേലയിലെ ലാ ഗൈ്വറ നഗരത്തിലെ ഹോട്ടല്‍ ഭൂകമ്പത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൂട്ട നാടുകടത്തല്‍ നടപടികളുടെ ഭാഗമായി, ജൂണ്‍ 24-ന് മിയാമിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് 19 സ്ത്രീകളും 7 കുട്ടികളും അടങ്ങുന്ന 146 വെനസ്വേലക്കാരെ തിരികെ നാട്ടിലെത്തിച്ചത്. ഇവര്‍ എത്തി മണിക്കൂറുകള്‍ക്കകമാണ് വെനസ്വേലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഇരട്ട ഭൂകമ്പങ്ങള്‍ ഉണ്ടായത്. രാജ്യത്തുടനീളം 1,700-ലധികം ആളുകള്‍ ദുരന്തത്തില്‍ മരിച്ചതായാണ് വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.

തകര്‍ന്ന കെട്ടിടത്തില്‍ നിന്നും അത്ഭുത രക്ഷപ്പെടല്‍

‘ഞാന്‍ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ് ആദ്യത്തെ ഭൂചലനം അനുഭവപ്പെടുന്നത്. പെട്ടെന്ന് വലിയ ശബ്ദത്തോടെ കെട്ടിടം തകരാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ നിലവിളിച്ചുകൊണ്ട് താഴേക്ക് വീണു. തൊട്ടുപിന്നാലെ രണ്ടാമത്തെ ഭൂകമ്പവുമെത്തി. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഞാനും ഇരുപതോളം പേരും എങ്ങനെയോ പുറത്തുകടക്കുകയായിരുന്നു.’- ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ലിസ്‌ബെത്ത് പോര്‍ട്ടിലോ എന്ന യാത്രക്കാരി തനിക്കുണ്ടായ ഭയാനകമായ അനുഭവം വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച ലാ ഗൈ്വറയിലെ തെരുവുകളിലൂടെ ആളുകള്‍ ഭയന്നോടുകയായിരുന്നുവെന്ന് പോര്‍ട്ടിലോ പറഞ്ഞു. ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്ന സാഹചര്യത്തില്‍ 5 കിലോമീറ്ററോളം നടന്ന് നാഷണല്‍ ഗാര്‍ഡ് കെട്ടിടത്തില്‍ എത്തിയ ശേഷമാണ് ഇവര്‍ക്ക് ബന്ധുക്കളെ വിവരമറിയിക്കാന്‍ കഴിഞ്ഞത്. തനിക്ക് പുനര്‍ജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായി കുടുങ്ങിപ്പോയിരുന്നു. എന്റെ കൂടെ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ അടുത്തു കൂടെ പോകുന്നത് കണ്ട് ഞാന്‍ എങ്ങനെയോ കൈ പുറത്തേക്കിട്ട് അയാളുടെ പാന്റ്‌സില്‍ പിടിച്ചുവലിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ദൈവാനുഗ്രഹത്താലും അയാളുടെ സഹായത്താലും മാത്രമാണ് ഞാന്‍ ഇന്ന് ജീവനോടെയിരിക്കുന്നത്.’ യാത്രക്കാരിയായ ജെന്നി റോഡ്രിഗസ് ടെലിമുണ്ടോ നെറ്റ് വര്‍ക്കിനോട് നടത്തിയ പ്രതികരണം.

കൂട്ട നാടുകടത്തല്‍ തുടരുമെന്ന് യു.എസ്

അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഈ സംഭവത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫസ്റ്റിന്റെ നിരീക്ഷണ പ്രകാരം, ട്രംപ് ഭരണകൂടം മെയ് മാസത്തില്‍ മാത്രം വെനസ്വേല ഉള്‍പ്പെടെ ബുര്‍ക്കിന ഫാസോ, കംബോഡിയ, ചിലി തുടങ്ങിയ 38 രാജ്യങ്ങളിലേക്ക് 288 നാടുകടത്തല്‍ വിമാന സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 12 വിമാനങ്ങള്‍ വെനസ്വേലയിലേക്കായിരുന്നു.

ഏറ്റവും ഒടുവില്‍ മിയാമിയില്‍ നിന്നും എത്തിയ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് നിലവിലെ ആശങ്ക. ഇവര്‍ക്കായുള്ള തിരച്ചില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.