Popular Posts

നാല് വര്‍ഷ ബിരുദ കോഴ്‌സ്: ആവശ്യമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- റോജി എം ജോണ്‍

തിരുവനന്തപുരം: നാല് വര്‍ഷ ബിരുദ കോഴ്‌സിന്റെ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി റോജി എം ജോണ്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ അതീവ പ്രാധാനത്തോടുകൂടിയാണ് സര്‍ക്കാര്‍ നോക്കി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ഗവ: വനിതാ കോളജില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ബിരുദ പ്രവേശനോത്സവ പരിപാടി ‘ഫസ്റ്റ് ചാപ്റ്റര്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന അക്കാദമിക് അന്തരീക്ഷം ഉറപ്പ് വരുത്തുക എന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണന.ലോകം മാറുന്നതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗവും മാറുക എന്നുള്ളത് ചലഞ്ച് തന്നെയാണ്. കേരള നോളജ് വാലി ,ഗ്ലോബല്‍ റിസര്‍ച്ച് പാര്‍ക്ക്ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു മുന്നോട്ടു പോകുമ്പോള്‍ ഇന്നിന്റെ അപര്യാപ്തത പരിഹരിക്കാന്‍ അവസരം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കെതിരായ വാരിയേഴ്‌സ് ആയി മാറണം. നല്ല കാംപസ് അന്തരീക്ഷം ഉറപ്പുവരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയുണ്ടെന്നും, ലഹരിക്കെതിരായ വാരിയേഴ്‌സായി കാംപസിലെ വിദ്യാര്‍ത്ഥികള്‍ മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഗതാഗത മന്ത്രി സി പി ജോണ്‍ അധ്യക്ഷത വഹിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അഫ്‌സാന പര്‍വീന്‍ ,ഉന്നത വിദ്യാഭാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് ഐഎഎസ്, നഗരസഭാ കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോളജ് പ്രിന്‍സിപല്‍ ഡോ.ചിത്ര റ്റി നായര്‍ സംസാരിച്ചു

വിദ്യാര്‍ഥികളുമായി മന്ത്രി സംവദിച്ചു

ബിരുദ പ്രവേശനോത്സവ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി മന്ത്രി റോജി എം ജോണ്‍ സംവദിച്ചു. പത്തോളം വിദ്യാര്‍ത്ഥികളുമായാണ് മന്ത്രി സംവദിച്ചത്. ഉന്നത വിദ്യാഭാസ രംഗത്ത് മാറ്റങ്ങള്‍ വരുത്തുക വിദ്യാര്‍ഥികളെ കേട്ടുകൊണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് കലണ്ടര്‍ കൊണ്ടുവരിക എന്നതിന് പ്രഥമ പരിഗണന നല്‍കും. ആദ്യ ഘട്ടത്തില്‍ ദേശീയ തലത്തിലും തുടര്‍ന്ന് ഗ്ലോബല്‍ ഡെസ്റ്റിനേഷനിലേക്കും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റും.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. എഫ്.വൈ.യു.ജി.പി കോഴ്‌സുകള്‍ ആരംഭിച്ചപ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല. ഈ ആഴ്ച്ച തന്നെ ഇതിനായി സമിതിയെ നിയോഗിക്കുമെന്നും, വിദ്യാര്‍ഥികളെ കേട്ടുകൊണ്ട് ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.