1
1
തിരുവനന്തപുരം: സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനി നവോമി വിന്‍സന്റ് (23) ഇനി ഒരുകൂട്ടം മനുഷ്യരിലൂടെ ജീവിക്കും. അപകടം നവോമിയുടെ ജീവനെടുത്തപ്പോള്‍, മറ്റുള്ളവരുടെ ജീവിത സ്വപ്നങ്ങള്‍ക്ക് സ്വന്തം അവയവങ്ങള്‍ സമ്മാനിച്ചാണ് ഈ ഇരുപത്തിമൂന്നുകാരി വിടവാങ്ങുന്നത്. തൃശൂര്‍ വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയക്കിഴക്കേല്‍ ഹൗസില്‍ വിന്‍സന്റ് ജോസഫിന്റെയും ജിപ്സിയുടെയും മകളാണ് നവോമി.
ആദ്യ ജോലിയില്‍ പ്രവേശിക്കാനുള്ള യാത്ര ദുരന്തമായി
എംഎസ് സി സൈക്കോളജി പഠനം പൂര്‍ത്തിയാക്കിയ നവോമിക്ക് തിരുവനന്തപുരത്തായിരുന്നു ആദ്യ ജോലി ലഭിച്ചത്. ജോലിയില്‍ പ്രവേശിക്കാനായി ഈ മാസം 24-ന് രാത്രി അമ്മ ജിപ്സിക്കും സഹോദരന് ജോയലിനുമൊപ്പം കാറില്‍ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ 25-ന് പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കരയ്ക്ക് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.
ഗുരുതര പരുക്കുകളോടെ നവോമിയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കായി മന്ത്രിമാരായ പി സി വിഷ്ണുനാഥും ഒ ജെ ജനീഷും അടിയന്തരമായി ഇടപെട്ടിരുന്നു. നവോമിയുടെ അമ്മയെയും സഹോദരനെയും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ നവോമി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അവയവദാനത്തിലൂടെ പുതുജീവന്‍
നവോമിയുടെ വേര്‍പാടിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സഹോദരി എയ്ഞ്ചല്‍ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പോര്‍ട്ടല്‍ (മൃതസഞ്ജീവനി) വഴി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന രോഗികള്‍ക്കാണ് അവയവങ്ങള്‍ നല്‍കുക.
നവോമിയുടെ കരള്‍, ഹൃദയം, കണ്ണുകള്‍, വൃക്കകള്‍ എന്നിവ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്. അവയവങ്ങള്‍ മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയകളും പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കിയ ശേഷം, ബുധനാഴ്ച വടക്കാഞ്ചേരിയില്‍ സംസ്കാരം നടക്കും.