1
1
സീതത്തോട്: അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായി പത്തനംതിട്ട – ഗവി – കുമളി റൂട്ടില്‍ കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ വന്‍ അപകടഭീതിയില്‍. തകര്‍ന്നു കിടക്കുന്ന റോഡിലൂടെ അമിതഭാരം കയറ്റിയുള്ള ഈ മലയോര യാത്രയില്‍ സുരക്ഷിതത്വം പേരിനുപോലുമില്ലാതായിട്ടും, തിരക്ക് നിയന്ത്രിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് അധികൃതര്‍.
ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ ഭൂരിഭാഗവും പത്ത് വര്‍ഷത്തോളം പഴക്കമുള്ളവയാണ്. കടുത്ത അമിതഭാരം കാരണം ആറ് മണിക്കൂര്‍ വേണ്ടിവരുന്ന യാത്രയ്ക്ക് ഇപ്പോള്‍ ഏഴ് മണിക്കൂറിലധികം സമയമെടുക്കുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
മൂഴിയാര്‍ 40 ഏക്കര്‍ മുതല്‍ ഗവി വരെയുള്ള റോഡിന്റെ മിക്ക ഭാഗങ്ങളും വന്‍ കുഴികളായി മാറിയിരിക്കുകയാണ്. പലയിടത്തും റോഡിന് ആവശ്യത്തിന് വീതിയില്ലെന്നു മാത്രമല്ല, തൊട്ടടുത്ത് തന്നെയാണ് അണക്കെട്ടുകളുടെ ജലസംഭരണികളും. നിലവില്‍ മഴ കൂടി ശക്തമായതോടെ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞുതാഴുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി പോയ ഗവി ബസിന് ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ആങ്ങമൂഴി ജങ്ഷനില്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പിന്നീട് യാത്രക്കാരെ ഇറക്കി, തൊട്ടടുത്ത വര്‍ക്ഷോപ്പിലെത്തിച്ച് അറ്റകുറ്റപ്പണി തീര്‍ത്ത ശേഷമാണ് യാത്ര തുടര്‍ന്നത്.
കെഎഫ്ഡിസി തൊഴിലാളികള്‍, വനപാലകര്‍, പോലിസ്, കെഎസ്ഇബി ജീവനക്കാര്‍ തുടങ്ങി ഈ മേഖലയിലെ സ്ഥിരം യാത്രക്കാരാണ് സഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്കുമൂലം ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്.
ഗവി റൂട്ടില്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് രണ്ടും കുമളി ഡിപ്പോയില്‍ നിന്ന് ഒന്നും ഉള്‍പ്പെടെ ആകെ മൂന്ന് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. വളവുകള്‍ നിറഞ്ഞ മലമ്പാതയായതിനാല്‍ നീളം കുറഞ്ഞ, 30 സീറ്റ് ശേഷിയുള്ള പ്രത്യേക ബസ്സുകളാണ് ഇവിടെ ഉപയോഗിക്കുന്നത്.
എന്നാല്‍, കുറച്ചു ദിവസങ്ങളായി മൂന്നിരട്ടിയിലധികം യാത്രക്കാരെ കുത്തിനിറച്ചാണ് ബസ്സുകള്‍ പോകുന്നത്. അവധി ദിവസങ്ങളില്‍ ഫുട്ബോര്‍ഡില്‍ വരെ തൂങ്ങിപ്പിടിച്ചാണ് സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. കെഎസ്ആര്‍ടിസിയുടെ ‘പ്രിയദര്‍ശിനി’ യാത്രാ പാസ് നിലവില്‍ വന്നതോടെ വനിതാ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പത്തനംതിട്ട – ഗവി – കുമളി റൂട്ടില്‍ 208 രൂപയാണ് ടിക്കറ്റ് നിരക്ക്.