Popular Posts

whatsapp image 2026 06 28 at 1.26.00 pm

പിഎസ് സി മൂല്യനിര്‍ണയത്തില്‍ ക്രമക്കേടെന്ന് പരാതി;58 മാര്‍ക്കിന്റെ ഉത്തരം പരിശോധിച്ചില്ല

ആസൂത്രണ ബോര്‍ഡിലെ ഉന്നത നിയമനത്തില്‍ വിവാദം

തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പിഎസ്സി) നടത്തിയ പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ വന്‍ ക്രമക്കേട് നടന്നതായി പരാതി. സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഉപദേശം നല്‍കുന്ന ഉന്നത സ്ഥാപനമായ ആസൂത്രണ ബോര്‍ഡിലെ ചീഫ് (ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍) പദവിയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നതായി ആക്ഷേപമുയരുന്നത്. സെക്രട്ടേറിയറ്റിലെ അഡീഷനല്‍ സെക്രട്ടറിക്ക് തത്തുല്യമായ ഈ ഉന്നത തസ്തികയിലേക്ക് പിഴവുകള്‍ തിരുത്താതെ അതിവേഗം നിയമന ശുപാര്‍ശ നല്‍കിയതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

58 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിച്ചില്ല; മാര്‍ക്കുകള്‍ മറച്ചുവെച്ചു

ആകെ ഒരു ഒഴിവ് മാത്രമുണ്ടായിരുന്ന പദവിയിലേക്ക് 100 മാര്‍ക്കിന്റെ രണ്ട് പേപ്പറുകളായാണ് എഴുത്തുപരീക്ഷ നടത്തിയത്. ഇതില്‍ രണ്ടാം പേപ്പറിലാണ് വന്‍ അട്ടിമറി നടന്നതായി ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. 100 മാര്‍ക്കിനായി ആകെ 28 ചോദ്യങ്ങളാണ് ഈ പേപ്പറില്‍ ഉണ്ടായിരുന്നത്.

വിവരാവകാശ രേഖകള്‍ വഴി ഒടുവില്‍ പുറത്തുവന്ന ഉത്തരക്കടലാസിന്റെ പകര്‍പ്പിലാണ് പിഎസ്സിയുടെ ഗുരുതര വീഴ്ച വ്യക്തമായത്. ഒരു ഉദ്യോഗാര്‍ഥിയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോള്‍ 9 മുതല്‍ 19 വരെയുള്ള തുടര്‍ച്ചയായ 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മൂല്യനിര്‍ണ്ണയം നടത്തുകയോ മാര്‍ക്ക് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. അതായത്, ആകെ 100 മാര്‍ക്കില്‍ 58 മാര്‍ക്കിന്റെ ഉത്തരങ്ങളാണ് പിഎസ്സി പരിശോധിക്കാതെ വിട്ടത്. കൂടാതെ, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അഭിമുഖത്തിലും എഴുത്തുപരീക്ഷയിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് വ്യക്തമാക്കാതെ മറച്ചുവെച്ചതായും പരാതിയിലുണ്ട്.

ഉത്തരക്കടലാസ് നല്‍കാതെ ഒളിച്ചുകളി; അതിവേഗ നിയമനം

പരീക്ഷാ അട്ടിമറി പുറത്താകാതിരിക്കാന്‍ പിഎസ്സി മനഃപൂര്‍വ്വം ഒളിച്ചുകളി നടത്തിയെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപം. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കിയവരെ ഒരു വര്‍ഷത്തോളമാണ് അധികൃതര്‍ വട്ടംകറക്കിയത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല.

ഇതിനിടയില്‍, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വെറും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തന്നെ വിവാദമായ ഈ തസ്തികയിലേക്ക് പിഎസ്സി അതിവേഗത്തില്‍ നിയമന ശുപാര്‍ശ നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ ഉണ്ടാകാറുള്ള പരാതി പരിഹാര പ്രക്രിയകള്‍ പോലും പൂര്‍ത്തിയാക്കാതെയായിരുന്നു ഈ അടിയന്തര നീക്കം.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂനലിന്റെ ഇടപെടല്‍

പിഎസ്സിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിവേചനത്തിനെതിരെയും നിയമന ക്രമക്കേടിനെതിരെയും ഉദ്യോഗാര്‍ഥികള്‍ ഒടുവില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂനലിനെ (KAT) സമീപിക്കുകയായിരുന്നു. ഉദ്യോഗാര്‍ഥികളുടെ പരാതി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂനല്‍, വിഷയത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കൃത്യമായ മറുപടി സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ പിഎസ്സിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടനാ സ്ഥാപനമായ പിഎസ്സിക്കെതിരെ ഉന്നത പരീക്ഷയില്‍ തന്നെ ഇത്തരമൊരു ആരോപണം ഉയര്‍ന്നത് ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.