Popular Posts

whatsapp image 2026 06 28 at 1.23.18 pm

സൂപ്പര്‍ ത്രില്ലറില്‍ ഘാനയെ വീഴ്ത്തി; ക്രൊയേഷ്യ ലോകകപ്പ് നോക്കൗട്ടില്‍!

ന്യൂയോര്‍ക്ക്: ലോകകപ്പിലെ ആവേശം അണപൊട്ടിയ മത്സരത്തില്‍ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്രൊയേഷ്യ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത നേടി. വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. മരണക്കളിക്ക് ഇറങ്ങിയ ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ജയം അനിവാര്യമായിരുന്ന ക്രൊയേഷ്യ ആക്രമിച്ച് തന്നെയാണ് കളിച്ചത്. ആദ്യ 30 മിനിറ്റില്‍ പ്രതിരോധിച്ചു നിന്ന ഘാനയെ ഞെട്ടിച്ചുകൊണ്ട് 31-ാം മിനിറ്റില്‍ ക്രൊയേഷ്യ ലീഡെടുത്തു. ഘാന പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് പീറ്റര്‍ സുസിച്ച് തൊടുത്ത ഒരു കിടിലന്‍ ലോങ് റേഞ്ചര്‍ ഘാന വലയെ ചുംബിക്കുകയായിരുന്നു. ഈ ഒറ്റ ഗോളിന്റെ ബലത്തില്‍ ആദ്യപകുതിയില്‍ ക്രൊയേഷ്യ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ കളി കൂടുതല്‍ കടുത്തു. ഏതുവിധേനയും തിരിച്ചടിക്കാന്‍ ഉറച്ച് ഘാനയും, ലീഡ് നിലനിര്‍ത്താന്‍ ക്രൊയേഷ്യയും പോരാടിയതോടെ കളം ചൂടുപിടിച്ചു. ഒടുവില്‍ 73-ാം മിനിറ്റില്‍ ഘാന ലക്ഷ്യം കണ്ടു. ലഭിച്ച ഫ്രീകിക്കില്‍ നിന്നും ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് ഡെറിക് ലക്കാസ്സന്‍ അനായാസം വലയിലാക്കിയതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി.

ഒരു ഗോള്‍ കൂടി വഴങ്ങിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന കടുത്ത സമ്മര്‍ദ്ദത്തിലായിട്ടും ക്രൊയേഷ്യ കളം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ മുന്നേറ്റങ്ങള്‍ ശക്തമാക്കിയ അവര്‍ 83-ാം മിനിറ്റില്‍ വിജയഗോള്‍ കണ്ടെത്തി. തകര്‍പ്പന്‍ ഒരു ഹെഡറിലൂടെ നിക്കോള വ്‌ലാസിച്ചാണ് ക്രൊയേഷ്യയുടെ രക്ഷകനായത്. അവസാന മിനിറ്റുകളില്‍ ഘാനയുടെ തിരിച്ചടി ശ്രമങ്ങളെ പ്രതിരോധക്കോട്ട കെട്ടി തടുത്തതോടെ ക്രൊയേഷ്യ വിജയം ഉറപ്പിച്ചു.

മറ്റൊരു മത്സരത്തില്‍ പാനമയെ കീഴടക്കിയ ഇംഗ്ലണ്ട് 7 പോയന്റോടെ ഗ്രൂപ്പ് ജേതാക്കളായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് 6 പോയന്റോടെ ക്രൊയേഷ്യ രണ്ടാമതായും നോക്കൗട്ടിലേക്ക് കടന്നു. മത്സരത്തില്‍ തോറ്റെങ്കിലും 4 പോയന്റുള്ള ഘാന നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. പുതിയ ഫലത്തോടെ ഘാന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.