1
1
ന്യൂയോര്‍ക്ക്: ഗസയിലെ ഫലസ്തീന് കുട്ടികളെ ഇസ്രയേല്‍ ബോധപൂര്‍വ്വം ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നത് തുടരുകയാണെന്നും ഇത് വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും ഭാഗമാണെന്നും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക അന്വേഷണ കമ്മീഷന്. വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം സമാനമായ യുദ്ധക്കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട യു.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരില്‍ 30 ശതമാനവും കുട്ടികളാണ്. യു.എന്‍ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫിന്റെ കണക്കനുസരിച്ച് ഇതുവരെ 50,000-ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.
യുഎന്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍:
പ്രസവചികിത്സാ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം: ഗസയിലെ പ്രസവചികിത്സാ-ശിശുസംരക്ഷണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നു. ഇത് ഫലസ്തീനികളുടെ അടുത്ത തലമുറയുടെ അതിജീവനത്തെത്തന്നെ ഇല്ലാതാക്കാനാണ്. ഇതിന്റെ ഫലമായി ഗസയില്‍ ഗര്‍ഭഛിദ്രങ്ങളും, വൈകല്യങ്ങളോടെയുള്ള ജനനങ്ങളും വന്‍തോതില്‍ വര്‍ധിച്ചു.
പട്ടിണിയും രോഗങ്ങളും: ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സഹായ ഉപരോധം കാരണം കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍ മുടങ്ങിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു.
വെടിനിര്‍ത്തല്‍ ലംഘനം: കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷവും അന്താരാഷ്ട്ര നിയമങ്ങളെ പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് ഇസ്രയേല്‍ കുട്ടികളെ കൊലപ്പെടുത്തുന്നത് തുടരുകയാണ്. ശരാശരി ഒരു കുട്ടിയെങ്കിലും പ്രതിദിനം കൊല്ലപ്പെടുന്നുണ്ട്.
ജയിലുകളിലെ ക്രൂരതകള്‍: കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നതിന് പുറമെ, നിരവധി കുട്ടികളെ ഇസ്രയേല്‍ സൈന്യം തടവിലാക്കുകയും ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷാവസാനം വരെ ഇസ്രയേല്‍ ജയിലിലായ കുട്ടികളില്‍ പകുതിയിലധികം പേരെയും യാതൊരു കുറ്റപത്രമോ വിചാരണയോ ഇല്ലാതെയാണ് തടവിലിട്ടിരിക്കുന്നത്.
കമ്മീഷന് അധ്യക്ഷന്റെ വാക്കുകള്‍
‘പലസ്തീന് കുട്ടികള്‍ ഇസ്രയേല്‍ സുരക്ഷാസേനയാല്‍ ബോധപൂര്‍വ്വം ലക്ഷ്യമിടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. കുട്ടികളെ ഇല്ലാതാക്കുന്നതിലൂടെ ഫലസ്തീന് ജനതയുടെ നിലനില്‍പ്പിനെയും അവരുടെ ഭാവിയെയുമാണ് ഇസ്രയേല്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ബോംബാക്രമണങ്ങള്‍ നാളെ അവസാനിച്ചാല്‍ പോലും, കുട്ടികള്‍ അനുഭവിച്ച ഈ മാനസിക-ശാരീരിക ആഘാതങ്ങളില്‍ നിന്ന് അവര്‍ക്ക് പെട്ടെന്ന് മുക്തരാകാന്‍ കഴിയില്ല.’ യുഎന്‍ അന്വേഷണ കമ്മീഷന് അധ്യക്ഷന്‍ ശ്രീനിവാസന് മുരളീധര്‍ പറയുന്നു.
കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന ഇസ്രയേല്‍ സൈനിക യൂനിറ്റുകളെ കമ്മീഷന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇസ്രയേല്‍ ഉടനടി അവസാനിപ്പിക്കണമെന്നും യുഎന്‍ കമ്മീഷന് കര്‍ശനമായി ആവശ്യപ്പെട്ടു.