Popular Posts

whatsapp image 2026 06 23 at 11.48.24 am (1)

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വന്‍ അപകടം:വിദ്യാര്‍ഥിയടക്കം മൂന്ന് മരണം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒടുവട്ടൂര്‍ സ്വദേശിയായ ട്യൂട്ടോറിയല്‍ കോളജ് അധ്യാപകന്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിവ് (15, കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്. മകനെ ബസ് കയറ്റിവിടാന്‍ എത്തിയതായിരുന്നു അജയകുമാര്‍.
ഗുരുതരമായി പരിക്കേറ്റ റിഷബ് (15), കൗഷിക് (15), നിസാം (40) എന്നിവരെ കൊല്ലം മെഡിസിറ്റി യിലേക്ക് മാറ്റി. നവനീത് കൃഷ്ണന്‍ (13), ജിബി.മോള്‍ (15) എന്നിവര്‍ക്ക് നിസാര പരി ക്കുകളാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ഓര്‍ത്തോ, തൊറാസിക് സര്‍ജറി, ഡെന്റല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക സംഘം. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പരിക്കേറ്റവര്‍ ചികിത്സയിലുള്ള സ്വകാര്യ ആശുപത്രികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെ നീലേശ്വരത്തെ ഇരട്ടറോഡ് കവലയിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മണ്ണുമായി അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി, വളവ് തിരിഞ്ഞെത്തിയപ്പോള്‍ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം തെറ്റി ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞു. അപകടസമയത്ത് വിദ്യാര്‍ത്ഥികളടക്കം എട്ട് പേരാണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നത്. ലോറി മറിഞ്ഞ് മണ്ണും വണ്ടിയുടെ ഭാഗങ്ങളും ഇവരുടെ മേലേക്ക് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ മതിലും തകര്‍ന്നു. ഉടന്‍ തന്നെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മണ്ണുമാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ലോറി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *