1
1
കൊച്ചി: നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം ശ്രീശൈലം വീട്ടില്‍ കുമാറിന്റെ മകന്‍ കബില്‍ (24), മാക്കന്‍കുന്നുകര സ്വദേശി ആദിത്യന്‍ (23) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം കാറിലും പിന്നീട് ലോറിയിലും ഇടിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച ശേഷം തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പണി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ടാഴ്ച മുന്‍പും ഇതേ സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇവിടെ കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകളോ സൈന്‍ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.