1
1
മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായി ചരിത്രം കുറിച്ച ബിഹാറിലെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിക്ക് കന്നി ഇന്ത്യന്‍ ജേഴ്‌സി കൈമാറി ബിസിസിഐ. ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഈ നിമിഷത്തില്‍ താരം വികാരാധീനനാകുന്നതിന്റെ വീഡിയോ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ടീമിന്റെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് രഘുവാണ് വൈഭവിന് ഇന്ത്യന്‍ ജേഴ്സി സമ്മാനിച്ചത്.
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമിലേക്ക് വൈഭവിനെ തിരഞ്ഞെടുത്തത്.
ഇതിഹാസങ്ങളുടെ ‘മൂന്നാം നമ്പര്‍’ ജേഴ്‌സി
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങ്ങും തങ്ങളുടെ കരിയറിന്റെ ഭൂരിഭാഗം സമയത്തും ധരിച്ച് പ്രശസ്തമാക്കിയ ‘മൂന്നാം നമ്പര്‍’ (No. 3) ജേഴ്സിയാണ് വൈഭവ് സൂര്യവംശിക്ക് ബിസിസിഐ സമ്മാനിച്ചിരിക്കുന്നത്.
‘ആ നിമിഷം മുതല്‍ എന്റെ മുഖത്തെ ചിരി മാറിയിട്ടില്ല’
‘എന്റെ വികാരം വാക്കുകളാല്‍ വിവരിക്കാന്‍ കഴിയുന്നതല്ല. ആദ്യമായി ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത ദിവസം മുതല്‍ ഞാന്‍ മൈതാനത്തേക്ക് പരിശീലനത്തിന് പോയത് ഈയൊരു നിമിഷത്തിന് വേണ്ടി മാത്രമാണ്. ഹോട്ടല്‍ മുറിയിലേക്ക് ഈ ജേഴ്സി എത്തിയപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. നമ്മള്‍ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങള്‍ പെട്ടെന്ന് സംഭവിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയിലാണ് ഞാന്‍. ആ ടി-ഷര്‍ട്ട് കണ്ട നിമിഷം മുതല്‍ എന്റെ മുഖത്തെ ചിരി മാറിയിട്ടില്ല,’ വൈഭവ് വീഡിയോയില്‍ മനസ്സ് തുറന്നു.
പ്ലെയിങ് ഇലവനില്‍ ഇടം നേടുമോ?
അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വൈഭവ് ആദ്യ മത്സരത്തില്‍ത്തന്നെ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ടീമില്‍ ഇടം നേടുക വൈഭവിന് അത്ര എളുപ്പമാകില്ല. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ എന്നിവരുമായാണ് ഈ പതിനഞ്ചുകാരന് മത്സരിക്കേണ്ടി വരിക.