1
1
മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ വീടിന്റെ മുകളില്‍നിന്ന് ഗേറ്റിലേക്ക് വീണ് കഴുത്തില്‍ കമ്പി തുളഞ്ഞുകയറി ചികില്‍സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടില്‍ മുഹമ്മദ് സഹീറിന്റെ മകന്‍ മുഹമ്മദ് മാസിന്‍ (15) ആണു മരിച്ചത്. ഇക്കഴിഞ്ഞ മേയ് 31ന് ആയിരുന്നു അപകടം. വീടിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മാവില്‍ നിന്ന് മാങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗേറ്റിലേക്ക് തെന്നി വീഴുകയായിരുന്നു.
ഗേറ്റിന്റെ മുകളില്‍ പിടിപ്പിച്ച ശൂലം പോലെയുള്ള കമ്പി കഴുത്തില്‍ തുളഞ്ഞുകയറി മറുപുറം കടക്കുകയായിരുന്നു. ഗേറ്റില്‍ തൂങ്ങിക്കിടന്ന സിയാദിനെ അതുവഴി വന്ന ആളുകള്‍ താങ്ങിപ്പിടിച്ച് ആംബുലന്‍സ് കൊണ്ടുവന്ന് സ്ട്രെച്ചറില്‍ താങ്ങിനിര്‍ത്തി ഗെയ്റ്റിന്റെ പകുതിഭാഗം മുറിച്ചുമാറ്റിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വെള്ളിമാടുകുന്ന് നിലയത്തിലെ അഗ്നിരക്ഷ സേനാംഗങ്ങള്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ബാക്കിയുള്ള കമ്പിയുടെ ഭൂരിഭാഗം ഭാഗങ്ങളും മുറിച്ചു മാറ്റിയതിന് ശേഷം സര്‍ജറിക്ക് വിധേയമാക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മാസിന്‍ മരണത്തിന് കീഴടങ്ങിയത്. പുളിക്കല്‍ എഎംഎം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.