1
1
അപകടകരമായ മരങ്ങള്‍ മുറിക്കുന്നതിനുള്ള തടസങ്ങള്‍
പരിഹരിക്കാന്‍ വികസന സമിതി ശിപാര്‍ശ സമര്‍പ്പിക്കും
കോട്ടയം: അപകടകരമായ മരങ്ങള്‍ നീക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച ശിപാര്‍ശകള്‍ വനംവകുപ്പു മന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിക്കും സമര്‍പ്പിക്കാന്‍ കോട്ടയം ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
പാതയോരത്തെയും സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് സാങ്കേതിക നടപടിക്രമങ്ങളില്‍ കുടുങ്ങി കാലതാമസം ഉണ്ടാകുന്നതും പരാതികള്‍ ഏറിവരുന്നതും കണക്കിലെടുത്താണ് ജില്ലാ ട്രീ കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നത്.
അധ്യയന വര്‍ഷാരംഭത്തിനുമുമ്പുതന്നെ സ്കൂളുകളിലെ അപകടകരമായ മരങ്ങള്‍ അടിയന്തരമായി നീക്കണമെന്ന് മുന്‍ ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ മിക്ക മരങ്ങള്‍ക്കും നിശ്ചയിക്കപ്പെട്ട വില ലഭിക്കത്തതിനാല്‍ തുടര്‍നടപടി സ്വീകരിക്കാനാവാത്ത സാഹചര്യമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
എ.സി. കനാലിന്റെ അരികില്‍ താമസിക്കുന്നവരുടെ വീടുകളില്‍ മഴക്കാലം തുടങ്ങിയപ്പോള്‍ തന്നെ വെള്ളം കയറുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും കനാലിന്റെ ആഴം കൂട്ടുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും വിനു ജോബ് എം.എല്‍.എ ആവശ്യപ്പെട്ടു.
പാതയോരങ്ങള്‍ കൈയേറിയുള്ള തട്ടുകട കച്ചവടം ജില്ലായില്‍ പലയിടത്തും വ്യാപകമാണെന്നും ഇതിനെതിരേ നടപടിയെടുക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെയാണ് പല തട്ടുകടകളും പ്രവൃത്തിക്കുന്നതെന്നും തട്ടുകടകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എല്‍.എ, വൈക്കം നഗരസഭാ അധ്യക്ഷന്‍ കെ.ജി. അബ്ദുള്‍ സലാം റാവുത്തര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, ആര്.ഡി.ഒ നിജു കുര്യന്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത്, നിയമസഭാ സ്പീക്കര്‍ തിരുഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതിനിധി മോഹനചന്ദ്രന് നായര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ആന്റണി കുന്നുംപുറം, വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ കുടുംബാരോഗ്യ സര്‍വേ പുരോഗമിക്കുന്നു
കോട്ടയം: പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായുള്ള കുടുബാരോഗ്യ സര്‍വേ ജില്ലയില്‍ പുരോഗമിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ ആരോഗ്യ കേന്ദ്രം (ജെ.എ.കെ.) സംവിധാനത്തിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്.
ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരാണ് സര്‍വേയ്ക്കായി വീടുകളിലെത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ കുടുംബാരോഗ്യ രജിസ്റ്റര്‍ തയാറാക്കാനും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി രോഗനിര്‍ണയം, തുടര്‍ചികിത്സാ പദ്ധതികള്‍ എന്നിവ ആസൂത്രണം ചെയ്യാനും ഉപയോഗിക്കും.
ജില്ലയില്‍ വീടുകളുടെ സര്‍വേ 97% പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യക്തികളുടെ വിവരശേഖരണമാണ് നടന്നു വരുന്നത്. സര്‍വേസംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്കി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ അറിയിച്ചു. കൈമാറുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സുരക്ഷിമായിട്ടായിരിക്കും കെകാര്യം ചെയ്യുകയെന്നും ഡി.എം.ഒ. വ്യക്തമാക്കി.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോട്ടയം: കോട്ടയം ആര്.എം.എസ്.-മൂന്നിലവ് റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകള്‍ ജൂലൈ ഏഴിനു മുമ്പായി രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന കോട്ടയം ഡിവിഷനിലെ സീനിയര്‍ തപാല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്ഫോണ്‍: 0481-2582970, 2301066
)
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം
കോട്ടയം: മുന്‍ഗണനാ വിഭാഗത്തില്‍(പിങ്ക്) നിലവില്‍ വന്നിട്ടുള്ള ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈനായി ജൂണ്‍ 27 മുതല്‍ ജൂലൈ 17 വരെ അപേക്ഷിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അപകടകരമായ മരങ്ങള്‍ നീക്കണം
കോട്ടയം: സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടങ്ങളില്‍നിന്നു പൊതുവഴികളിലേക്കും, സര്‍ക്കാര്‍ ഓഫീസുകളിലേക്കും, സ്കൂളുകളിലേക്കും, കെ.എസ്.ഇ.ബി വൈദ്യുതിലൈനുകളിലേക്കും അപകടകരമായ രീതിയില്‍ ചാഞ്ഞുനില്ക്കുന്ന മരങ്ങളും അവയുടെ ശിഖരങ്ങളും അടിയന്തരമായി വെട്ടിമാറ്റി സുരക്ഷിതത്വം ഉറപ്പാക്കണമെന്നു ചങ്ങനാശേരി താലൂക്ക് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. അപകടകരമായ മരങ്ങള്‍ നീക്കം ചെയ്യാത്തതു മൂലം പൊതുജനങ്ങള്‍ക്കോ കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള പൊതുസ്വത്തുക്കള്ക്കോ നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നു ചങ്ങനാശേരി തഹസീല്‍ദാര്‍ അറിയിച്ചു.
)
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കോട്ടയം: അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ്് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്കീമിന്റെ ഭാഗമായുള്ള സ്കോളര്‍ഷിപ്പിന് ജൂലൈ 15 വരെ അപേക്ഷിക്കാം. 2026-2027 അധ്യയനവര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ അഞ്ച് എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്നതും നാല്/ഏഴ് ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ നാലാം ക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഏഴാം ക്ലാസ് വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കോര്പറേഷന് / ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ ഫോം ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും സ്കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട കോര്പറേഷന് /ബ്ലോക്ക് മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2562503