Popular Posts

whatsapp image 2026 06 29 at 8.08.11 pm

വിദ്യാര്‍ഥികള്‍ക്കുള്ള ‘സുരക്ഷ’ ഇന്‍ഷുറന്‍സ് പദ്ധതി: നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ച് കെ ടി യു

തിരുവനന്തപുരം: എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ ടി യു) യുടെ കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ‘സുരക്ഷ’ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി 2026-27 അധ്യയന വര്‍ഷത്തില്‍ നടപ്പാക്കുന്നതിനായി സര്‍വകലാശാലയും നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. രജിസ്ട്രാര്‍ (ഇന്‍-ചാര്‍ജ്) ഗോപിന്‍ ജി യും നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ചീഫ് ബിസിനസ് മനേജര്‍ രതീഷ് കെ കെ യുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.
‘സുരക്ഷ’ പദ്ധതിയിലൂടെ ഓരോ വിദ്യാര്‍ഥിക്കും പരമാവധി 12 ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വിദ്യാര്‍ഥിയുടെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അപകടമരണം സംഭവിക്കുന്ന സാഹചര്യത്തില്‍ 5 ലക്ഷം രൂപ നോമിനിക്ക് ലഭിക്കും. അപകടത്തിന് ശേഷമുള്ള ചികിത്സക്കും അപകടങ്ങള്‍ മൂലം വിദ്യാര്‍ത്ഥിക്കോ രക്ഷിതാവിനോ ഉണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യത്തിനും ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കും. ആശുപത്രിവാസത്തിന് ശേഷമുള്ള 30 ദിവസത്തെ ചികിത്സാ ചെലവുകളും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.ടി.യു. ‘സുരക്ഷ’ പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പരിരക്ഷ കൂടാതെ വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ സഹായവും ഏതെങ്കിലും രോഗങ്ങള്‍ മൂലം വിദ്യാര്‍ത്ഥിയുടെ മരണം സംഭവിച്ചാല്‍ നോമിനിക്കുള്ള 5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സര്‍വകലാശാല തുടര്‍ന്നും ലഭ്യമാക്കുന്നതാണ്.