1
1
കാളികാവ്: വണ്ടൂരിലെ തരംഗിണി സില്‍വര്‍ ജൂവലറി കുത്തിത്തുറന്ന് വെള്ളി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തു. കേസില്‍ കുപ്രസിദ്ധ മോഷ്ടാവായ എരുമാട് ജോസിനെ നിലമ്പൂര്‍ സ്‌ക്വാഡും വണ്ടൂര്‍ പോലീസും ചേര്‍ന്ന് കളമശ്ശേരിയില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് പിടികൂടിയത്. പ്രതിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ സേലത്ത് എത്തിച്ച് പോലീസ് മുഴുവന്‍ ആഭരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞ മേയ് 20-നായിരുന്നു വണ്ടൂര്‍ ടൗണില്‍ നാടിനെ നടുക്കിയ മോഷണം നടന്നത്. ജൂവലറിയുടെ പിന്‍ഭാഗത്തെ മതില്‍ തുരന്ന് അകത്തുകടന്ന ജോസ്, അവിടെയുണ്ടായിരുന്ന മുഴുവന്‍ വെള്ളി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. വിപണിയില്‍ ഏകദേശം 19 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് പ്രതി കവര്‍ന്നത്. എന്നാല്‍, ഇവ തമിഴ്നാട്ടിലെ സേലത്തുള്ള ചില കടകളില്‍ കൊണ്ട് പോയി വെറും നാലര ലക്ഷം രൂപയ്ക്കാണ് പ്രതി വിറ്റതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിലമ്പൂര്‍ ഡിവൈ.എസ്.പി. വിശ്വംഭരന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം വണ്ടൂര്‍ ഇന്‍സ്‌പെക്ടര്‍ നിധീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി സേലത്തേക്ക് തിരിക്കുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ആഭരണങ്ങള്‍ വിറ്റ കടകള്‍ കൃത്യമായി കണ്ടെത്തുകയും മുഴുവന്‍ തൊണ്ടിമുതലും പോലീസ് വീണ്ടെടുക്കുകയും ചെയ്തു. പ്രതിയെ പിടികൂടി വെറും രണ്ട് ദിവസത്തിനകം തന്നെ തൊണ്ടിമുതല്‍ പൂര്‍ണ്ണമായി കണ്ടെടുക്കാന്‍ സാധിച്ചത് കേരള പോലീസിന് വലിയ നേട്ടമായി.
വണ്ടൂര്‍ ഇന്‍സ്‌പെക്ടര്‍ നിധീഷ്, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ സി.കെ. സജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരണ്‍, വിപിന്‍, വിഘ്‌നേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഈ വിജയകരമായ അന്വേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.