1
1
നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റിന് സമീപത്തെ ദേശീയപാത നിര്‍മ്മാണ സൈറ്റില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച ഉച്ചയോടെ നീലേശ്വരം പാലം ഇറങ്ങി താല്‍ക്കാലിക മണ്‍പാതയിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം നടന്നത്. കാസര്‍കോട്ടുനിന്ന് തൃശ്ശൂരിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും, ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് മണ്‍പാതയിലേക്ക് സുരക്ഷിതമായി കയറാന്‍ കൃത്യമായ ദിശാസൂചകങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിര്‍മ്മാണ സൈറ്റിലെ ഇത്തരം അനാസ്ഥകള്‍ ഈ മേഖലയില്‍ നിരന്തരം അപകടങ്ങള്‍ക്കിടയാക്കുന്നതായും ആക്ഷേപമുണ്ട്.