1
1
മോണ്ടെറെ: ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് എയിലെ നിര്‍ണായകമായ ജീവന്‍മരണ പോരാട്ടത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി. രണ്ടാം പകുതിയില്‍ വിങ്ങര്‍ താപെലോ മാസെകോ നേടിയ തകര്‍പ്പന്‍ ഗോളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ ചരിത്രവിജയം സമ്മാനിച്ചത്. തോല്‍വിയോടെ ദക്ഷിണ കൊറിയയുടെ അടുത്ത റൗണ്ട് പ്രതീക്ഷകള്‍ കടുത്ത അനിശ്ചിതത്വത്തിലായി.
മത്സരത്തില്‍ സമനില നേടിയാല്‍ പോലും കൊറിയയ്ക്ക് അടുത്ത റൗണ്ടിലേക്ക് എത്താമായിരുന്നതിനാല്‍ പ്രതിരോധത്തിലൂന്നിയായിരുന്നു അവരുടെ കളി. എന്നാല്‍, മോണ്ടെറെ സ്റ്റേഡിയത്തില്‍ കൊറിയന്‍ ആരാധകരെ സാക്ഷിയാക്കി ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ മികച്ച ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് ഗോള്‍രഹിതമായാണ് കളി അവസാനിച്ചത്.
രണ്ടാം പകുതിയില്‍ കൊറിയന്‍ പട ദക്ഷിണാഫ്രിക്കന്‍ ബോക്‌സിലേക്ക് ഇരച്ചുകയറുന്നതിനിടെയാണ് മത്സരത്തിന്റെ ഗതി മാറ്റിയ ആ വിന്നിങ് ഗോള്‍ പിറന്നത്. കളിയുടെ ഒഴുക്കിന് വിപരീതമായി 63-ാം മിനിറ്റിലായിരുന്നു ഗോള്‍ വീണത്. ദക്ഷിണാഫ്രിക്ക നടത്തിയ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ പകരക്കാരന്‍ താരം തേഷ്പാങ് മൊറെമി ഇടതുവിങ്ങില്‍ നിന്നു പന്തുമായി കുതിച്ച് കൊറിയന്‍ ഡിഫെന്‍ഡറെ വെട്ടിയൊഴിഞ്ഞ് ബോക്‌സിന് മുന്നിലേക്ക് ഒരു മനോഹരമായ പാസ് നല്‍കി. പന്ത് സ്വീകരിച്ച താപെലോ മാസെകോ ഇടംകാലിലേക്ക് പാകപ്പെടുത്തി നിയര്‍ പോസ്റ്റിലേക്ക് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് കൊറിയന്‍ കീപ്പറെയും പ്രതിരോധത്തെയും കീഴ്‌പ്പെടുത്തി വലയില്‍ ചെന്നുപതിച്ചു.
ഗോള്‍ വഴങ്ങിയതോടെ സമനിലയ്ക്കായി കൊറിയന്‍ സൂപ്പര്‍ താരം സണ്‍ ഹെയുങ് മിന്നിന്റെ നേതൃത്വത്തില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ദക്ഷിണാഫ്രിക്കന്‍ കോച്ച് ഹ്യൂഗോ ബ്രൂസിന്റെ തന്ത്രപരമായ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ഏഷ്യന്‍ പുലികള്‍ക്കായില്ല.
ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാസെകോ മാറി (22 വയസ്സും 225 ദിവസവും). മാസെകോ തന്നെയാണ് കളിയിലെ താരം ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി മാറിയ ദക്ഷിണാഫ്രിക്ക ജൂണ്‍ 28-ന് ലോസ് ആഞ്ചലസില്‍ വെച്ച് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗ്രൂപ്പ് ബിയിലെ റണ്ണേഴ്‌സ് അപ്പായ കാനഡയെ നേരിടും.