1
1
തിരുവനന്തപുരം: ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന ബസ് കത്തി നശിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്താണ് സംഭവം. വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. വയനാട്ടില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ബസ് പുറപ്പെട്ടത്. ശിവപുരത്തെത്തിയപ്പോള്‍ ബസ്സിന്റെ പുറകുവശത്തുനിന്ന് തീ പടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തി ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാ യാത്രക്കാരെയും വിളിച്ചുണര്‍ത്തി പുറത്തിറക്കി. ഇവരുടെ ലഗേജ്ജുകളും പുറത്തെത്തിച്ചു. നാട്ടുകാരും മട്ടന്നൂര്‍, കൂത്തുപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് തീ അണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സമീപത്തെ പഴക്കടയിലേയ്ക്കും തീ പടര്‍ന്നിരുന്നു. ഇതും അഗ്‌നിരക്ഷാ സേന നിയന്ത്രണവിധേയമാക്കി. തൊട്ടടുത്ത വീടുകളിലേയ്ക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.