1
1
തിരുവനന്തപുരം: ഇരുപത് വര്‍ഷമായി ഗ്രാമീണ ജനതയുടെ ജീവനോപാധിയായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി ‘വികസിത് ഭാരത്- ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)’ അഥവാ ‘വി.ബി – ജി. റാം ജി’ എന്ന പുതിയ പദ്ധതി ജൂലൈ 1 മുതല്‍ രാജ്യത്ത് നിലവില്‍ വരികയാണ്. വാര്‍ഷിക തൊഴില്‍ ദിനങ്ങള്‍ 100-ല്‍ നിന്നും 125 ആയി ഉയര്‍ത്തുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷതയെങ്കിലും, ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയും ആശങ്കയുമാണ് സമ്മാനിക്കുന്നത്. മുന്‍പ് വേതന ചെലവിന്റെ 100 ശതമാനവും കേന്ദ്രം നല്‍കിയിരുന്ന സ്ഥാനത്ത്, പുതിയ നിയമപ്രകാരം 60 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. ബാക്കി 40 ശതമാനവും തൊഴിലില്ലായ്മ വേതനവും പൂര്‍ണ്ണമായി സംസ്ഥാനം തന്നെ വഹിക്കേണ്ടി വരും. ഇത് മൂലം പ്രതിവര്‍ഷം ശരാശരി 2000 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് കേരളത്തിനുണ്ടാകുക. കൂടാതെ, പദ്ധതിയുടെ മേല്‍നോട്ടത്തിനായി കേന്ദ്ര പ്രതിനിധി അടങ്ങുന്ന സ്റ്റേറ്റ് ലെവല്‍ സ്റ്റിയറിങ് കമ്മിറ്റിയും നിലവില്‍ വരും.
സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന പല അവിദഗ്ധ പ്രവൃത്തികളും പുതിയ 318 ഇന പട്ടികയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയത് സാധാരണ തൊഴിലാളികളെ പദ്ധതിക്ക് പുറത്താക്കുമെന്ന ഭീതി പരത്തുന്നുണ്ട്. കേരളത്തിന്റെ ‘ലൈഫ്’ ഭവന നിര്‍മ്മാണ പദ്ധതിയില്‍ തൊഴിലുറപ്പ് വഴി ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന 90 അധിക തൊഴില്‍ ദിനങ്ങളും (ഏകദേശം 33,200 രൂപ) പുതിയ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. കൂടാതെ, പ്രകൃതിവിഭവ പരിപാലന പ്രവൃത്തികളില്‍ നിന്ന് കേന്ദ്രം പിന്മാറുകയും, വിദഗ്ധ-അര്‍ധ വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നത് സാധാരണക്കാരെ ബാധിക്കും. വിതയ്ക്കല്‍, കൊയ്ത്ത് തുടങ്ങിയ സീസണുകളില്‍ 60 ദിവസം വരെ പദ്ധതി നിര്‍ത്തിവെക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന വ്യവസ്ഥയും വര്‍ഷം മുഴുവന്‍ കൃഷിയുള്ള കേരളത്തിന് കനത്ത തിരിച്ചടിയാകും. നിലവിലുള്ള തൊഴിലുറപ്പ് കാര്‍ഡുകള്‍ക്ക് പുതിയ പദ്ധതിയിലും പ്രാബല്യമുണ്ടായിരിക്കുമെങ്കിലും, മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിലും കൂടിയാലോചനകള്‍ ഇല്ലാതെ നിയമം പരിഷ്‌കരിച്ചതിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധത്തിലാണ്.