Popular Posts

whatsapp image 2026 06 30 at 14.20.59

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ജര്‍മ്മനി പുറത്ത്; പരാഗ്വെ പ്രീ-ക്വാര്‍ട്ടറില്‍; ‘വാര്‍’ തീരുമാനത്തില്‍ കനത്ത വിവാദം

ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് കണ്ണീര്‍ മടക്കം. റൗണ്ട് ഓഫ് 32-ലെ ആവേശപ്പോരാട്ടത്തില്‍ പരാഗ്വെയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് ജര്‍മ്മനി പ്രീ-ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. എന്നാല്‍ അധികസമയത്ത് ജര്‍മ്മനിയുടെ ജോനാഥന്‍ താഹ് നേടിയ ഗോള്‍ ‘വാര്‍’ (VAR) പരിശോധനയിലൂടെ റദ്ദാക്കിയതാണ് മത്സരത്തെ വിവാദത്തിലാക്കിയത്.

പ്രതിഷേധമുയര്‍ത്തിയ ‘വാര്‍’ തീരുമാനം

അധികസമയത്ത് ജോനാഥന്‍ താഹ് ഹെഡറിലൂടെ ജര്‍മ്മനിയെ വിജയത്തിലേക്ക് നയിച്ചെന്ന് കരുതിയതാണ്. എന്നാല്‍, ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് ജര്‍മ്മന്‍ താരം വാല്‍ഡെമാര്‍ ആന്റണ്‍, പരാഗ്വെ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിനെ ഫൗള്‍ ചെയ്തതായി വീഡിയോ അസിസ്റ്റന്റ് റഫറി (VAR) കണ്ടെത്തി. മൊറോക്കന്‍ റഫറി ജലാല്‍ ജയേദ് സ്‌ക്രീന്‍ പരിശോധിച്ച ശേഷം ഗോള്‍ നിഷേധിച്ചതോടെ ജര്‍മ്മന്‍ ക്യാമ്പ് വലിയ പ്രതിഷേധമുയര്‍ത്തി.

റഫറിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലന്‍ ഷിയറര്‍ രംഗത്തെത്തി:

‘ഇതൊരു ‘സോഫ്റ്റ് ഫൗള്‍’ മാത്രമാണ്. പെനാല്‍റ്റി ബോക്‌സില്‍ നിരവധി കളുകാരുള്ളപ്പോള്‍ ഉണ്ടാകുന്ന ഇത്തരം നേരിയ സമ്പര്‍ക്കങ്ങള്‍ ഫൗളായി കണക്കാക്കരുത്. ഗോള്‍കീപ്പര്‍ വളരെ എളുപ്പത്തിലാണ് നിലത്തു വീണത്.’ – അലന്‍ ഷിയറര്‍ (ബിബിസിക്ക് നല്‍കിയ പ്രതികരണത്തില്‍)

എന്നാല്‍, മുന്‍ ലോകകപ്പ് അസിസ്റ്റന്റ് റഫറി ഡാരന്‍ കാന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്, ഇത്തരം കടുത്ത ബോക്‌സ് പോരാട്ടങ്ങളില്‍ തീരുമാനങ്ങള്‍ പലപ്പോഴും ഗോള്‍കീപ്പര്‍മാര്‍ക്ക് അനുകൂലമായി വരാറാണ് പതിവ് എന്നാണ്.

റഫറിയെ കുറ്റം പറയാനില്ലെന്ന് നായകന്‍ കിമ്മിച്ച്

അതേസമയം, വിവാദമായ തീരുമാനത്തെയോ റഫറിയെയോ കുറ്റപ്പെടുത്താന്‍ ജര്‍മ്മന്‍ നായകന്‍ ജോഷ്വ കിമ്മിച്ച് തയ്യാറായില്ല. തോല്‍വിക്ക് ശേഷം അദ്ദേഹം തുറന്നടിച്ചു:

‘ഈ തോല്‍വിക്ക് റഫറിയെയോ ഷൂട്ടൗട്ടിലെ നിര്‍ഭാഗ്യത്തെയോ കുറ്റം പറയേണ്ടതില്ല. 120 മിനിറ്റ് കളിച്ചിട്ടും ഒരു ടീമിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നിങ്ങള്‍ പുറത്താകാന്‍ പൂര്‍ണ്ണമായും അര്‍ഹരാണ്. പരാഗ്വെയെപ്പോലൊരു എതിരാളിക്കെതിരെ വിജയിക്കാന്‍ നമ്മള്‍ ഭാഗ്യത്തെയല്ല ആശ്രയിക്കേണ്ടിയിരുന്നത്; അവരെ വ്യക്തമായി തോല്‍പ്പിക്കാനുള്ള ക്വാളിറ്റി നമ്മുടെ ടീം കാണിക്കണമായിരുന്നു.’

പരിശീലകന്‍ ജൂലിയന്‍ നാഗെല്‍സ്മാന്റെ രാജിയിലേക്ക് ഈ ഫലം നയിക്കുമോ എന്ന ചോദ്യത്തിന്, കളിക്കളത്തില്‍ ഇറങ്ങുന്ന താരങ്ങളാണ് ഇത്തരം തോല്‍വികള്‍ക്ക് ഉത്തരവാദികളെന്നും ജയം ഉറപ്പാക്കേണ്ട ബാധ്യത കളിക്കാര്‍ക്ക് തന്നെയായിരുന്നു എന്നും കിമ്മിച്ച് കൂട്ടിച്ചേര്‍ത്തു.