1
1
തൃശൂര്‍: ലഹരി വസ്തുക്കളുടെ വില്‍പന തടഞ്ഞതിന് അച്ഛനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി സൈമണിനെയാണ് മകന്‍ ജോബി മര്‍ദിച്ചത്. വിദ്യാര്‍ഥികള്‍ക്കടക്കം ലഹരി വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. സംഭവത്തില്‍ മകനെതിരെ പോലീസില്‍ പരാതി നല്‍കി.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരി വിതരണം ചെയ്യുന്നത് ജോബിയുടെ പതിവായിരുന്നു. ഇതേ ചൊല്ലി ഇരുവര്‍ക്കിടയില്‍ മുന്‍പും പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ജോബി ലഹരി കച്ചവടം നടത്തുന്നതിനിടെ സൈമണ്‍ എതിര്‍ത്തു. പിന്നാലെയാണ് അച്ഛനെ മകന്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്.
മുഖത്തും നെഞ്ചത്തും ചവിട്ടേറ്റ സൈമണ്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മകനെതിരെ സൈമണ്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സൈമണിനെ മകന്‍ മര്‍ദിക്കുന്നത് പതിവാണെന്നും പോലീസ് പല തവണ ജോബിയെ താക്കീത് ചെയ്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം 600 പാക്കറ്റ് ഹാന്‍സുമായി പിടിയിലായത് ഉള്‍പ്പെടെ നിരവധി ലഹരി കേസുകളിലെ പ്രതിയാണ് ജോബി.