Popular Posts

whatsapp image 2026 06 27 at 1.04.47 pm

ചരിത്രം കുറിച്ച് ഈജിപ്ത്; ഇറാനെ തളച്ച് നോക്കൗട്ടിലേക്ക്; പേര്‍ഷ്യന്‍ പടയുടെ കാര്യം കട്ടപ്പുക!

സിയാറ്റില്‍: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ഇറാനെ സമനിലയില്‍ തളച്ച് ഈജിപ്ത് നോക്കൗട്ട് റൗണ്ടിലേക്ക് ചരിത്രപ്രവേശം നടത്തി. സിയാറ്റില്‍ സ്റ്റേഡിയത്തെ ആവേശക്കടലാക്കിയ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം (1-1) നേടി പിരിയുകയായിരുന്നു. ഈജിപ്തിനായി മഹ്മൂദ് സാബെര്‍ ലക്ഷ്യം കണ്ടപ്പോള്‍, റാമിന്‍ റെസായെയനിലൂടെയാണ് ഇറാന്‍ സമനില പിടിച്ചത്.

ഈ സമനിലയോടെ ഗ്രൂപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ 5 പോയിന്റുമായാണ് ഈജിപ്ത് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് (റൗണ്ട് ഓഫ് 32) യോഗ്യത ഉറപ്പാക്കിയത്. മറുഭാഗത്ത്, കളിച്ച മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിപ്പിച്ച ഇറാന് 3 പോയിന്റാണുള്ളത്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായ ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ ഇനി മറ്റ് ഗ്രൂപ്പുകളിലെ (ജെ, കെ, എല്‍) മത്സരഫലങ്ങളെ ആശ്രയിച്ചാകും നിലനില്‍ക്കുക. മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കയറാനാകുമെന്ന പ്രതീക്ഷയിലാണ് പേര്‍ഷ്യന്‍ പട.

ഇതിനു മുന്‍പ് മൂന്ന് തവണ ലോകകപ്പില്‍ കളിച്ചിട്ടുണ്ടെങ്കിലും (1934, 1990, 2018) ഒരു മത്സരം പോലും വിജയിക്കാന്‍ ഈജിപ്തിന് കഴിഞ്ഞിരുന്നില്ല. അന്ന് 5 തോല്‍വിയും 2 സമനിലയുമായിരുന്നു സമ്പാദ്യം. എന്നാല്‍ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ഹൊസാം ഹസ്സന്റെ ഈജിപ്ത് പട പുതിയൊരു ചരിത്രമാണ് കുറിച്ചിരിക്കുന്നത്.


ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായ ഈജിപ്ത് ജൂലൈ ആദ്യം നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *