1
1
ന്യൂഡല്‍ഹി: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുമായി 16 ഫിക്സഡ് ഡോസ് കോംബിനേഷന്‍ (FDC) മരുന്നുകളുടെ നിര്‍മ്മാണവും വിതരണവും വില്പനയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഒന്നിലധികം മരുന്നുകള്‍ നിശ്ചിത അളവില്‍ ചേര്‍ത്തുവെച്ചുണ്ടാക്കുന്ന കോംബിനേഷന്‍ മരുന്നുകളാണ് ഇവ. ഈ മരുന്നുകള്‍ക്ക് ചികിത്സാപരമായ യാതൊരു ന്യായീകരണവുമില്ലെന്നും ഇവയുടെ ഉപയോഗം മനുഷ്യശരീരത്തിന് പ്രയോജനകരമല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
1940-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്റ്റിലെ സെക്ഷന്‍ 26 എ പ്രകാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിരോധനത്തിലേക്ക് നയിച്ച കാരണങ്ങള്‍:
രാജ്യത്ത് ലഭ്യമായ ഇത്തരം കോംബിനേഷന്‍ മരുന്നുകളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ‘ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ്’ (DTAB) രൂപീകരിച്ച വിദഗ്ധ സമിതി നടത്തിയ വിശദമായ പഠനത്തിനൊടുവിലാണ് ഈ 16 മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സുരക്ഷിതവും ഫലപ്രദവും ശാസ്ത്രീയമായി സാധുതയുള്ളതുമായ മരുന്നുകള്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂ എന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ് കണ്ട്രോളര്മാര്ക്കും റെഗുലേറ്ററി അതോറിറ്റികള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിരോധിച്ച മരുന്നുകളുടെ പട്ടിക താഴെ നല്കുന്നു:
1. വേദനസംഹാരികളും വയറുവേദനയ്ക്കുള്ള മരുന്നുകളും
Acetyl salicylic acid + Ethoheptazine
Dicyclomine + Paracetamol + Clidinium Bromide
Dicyclomine + Paracetamol + Clidinium Bromide + Chlordiazepoxide
Paracetamol + Lignocaine
2. ചര്‍മ്മ സംരക്ഷണ വിഭാഗത്തില്‍പ്പെട്ട ലോഷനുകളും ക്രീമുകളും
Aloe extract + Allantoin + Alphatocopherol Acetate + D-Penthenol + Vitamin A
Aloe Extract + Vitamin E + Dimethicone + Glycerine
Aloe Vera + Jojoba Oil + Vitamin E
Aloe vera + Orange oil
Aloe vera + Jojoba oil + Wheat germ oil + Tea tree oil
Aloe vera + Vitamin E + Herbal
3. ആന്റിബയോട്ടിക്കുകള്‍ (ബാക്ടീരിയല്‍ അണുബാധയ്ക്കുള്ളവ)
Amoxicillin + Serratiopeptidase + Lactobacillus Sporogenes
Amoxicillin + Cloxacillin + Lactic acid bacillus + Serratiopeptidase
Amoxicillin + Serratiopeptidase
Cefadroxyl + Probenecid
Cefuroxime + Serratiopeptidase
4. പ്രമേഹ നിയന്ത്രണത്തിനുള്ളവ
Gliclazide + Chromium Picolinate