Popular Posts

whatsapp image 2026 06 20 at 10.56.57 am

നീറ്റ് പുനഃപരീക്ഷ നാളെ;കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എന്‍ടിഎ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി). ഔദ്യോഗിക സന്ദേശങ്ങള്‍ 7827980287 എന്ന വാട്‌സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂ ടിക് വെരിഫൈഡ് നമ്പറാണെന്നും എന്‍ടിഎ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് തിരികെ സന്ദേശം അയയ്ക്കാനാവില്ല. വ്യക്തിഗത വിവരങ്ങള്‍ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പര്‍ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എന്‍ടിഎ അറിയിച്ചു. ഇതിന് വിപരീതമായ നീക്കം നടന്നാല്‍ നാഷനല്‍ സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണം. നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. മെയ് 30 ലെ കാര്‍ഡ് ഉപയോഗിക്കരുതെന്നും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പറയുന്നു. അതേസമയം, നാഷനല്‍ മെഡിക്കല്‍ കമ്മിഷന് കീഴില്‍ വരുന്ന ഒരു മെഡിക്കല്‍ കോളജും ഇന്നും നാളെയും വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കി. ചില വിദ്യാര്‍ഥികള്‍ മുന്‍പ് നടന്ന നീറ്റ് ക്രമക്കേടിന് പിന്നിലുണ്ടായിരുന്നുവെന്ന് കണ്ടാണ് കര്‍ശന നിര്‍ദ്ദേശം.

അതേസമയം, നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 5000 കേന്ദ്രങ്ങളില്‍ ഇന്ന് മോക്ഡ്രില്‍ നടത്തും. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തിപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ദേശീയ പരീക്ഷ ഏജന്‍സി അറിയിച്ചു. ഇതിനിടെ, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ജന്തര്‍ മന്തറില്‍ ഉച്ചയ്ക്ക് 1 മണിക്കാണ് പ്രതിഷേധം. അമൃത്സര്‍, ഹൈദരാബാദ്, ബെംഗളൂരു, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സമരങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ‘ദില്ലി ചലോ’ ആഹ്വാനം ചെയ്തിരിക്കുന്നത്. അനിശ്ചിതകാല സമരമെന്നാണ് സൂചനയെങ്കിലും അതിന് പോലിസ് അനുമതിയുണ്ടോയെന്ന് വ്യക്തമല്ല.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദിപ്‌കെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രതിഷേധത്തിനെത്തുന്നവരോട് പ്ലേറ്റും സ്പൂണുമായി എത്താന്‍ സിജെപി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുന്നതുവരെ ദില്ലിയില്‍ സമരം തുടരാനാണ് സിജെപി യുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *