Popular Posts

whatsapp image 2026 06 28 at 7.31.36 pm

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു; വന്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ യെമന്‍

സനാ: യെമനിലെ മധ്യ പ്രവിശ്യയായ ഇബ്ബ് ഗവര്‍ണറേറ്റില്‍ കനത്ത മഴക്കിടെയുണ്ടായ ഇടിമിന്നലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. നാടിനെ നടുക്കിയ ദാരുണമായ സംഭവത്തില്‍ മാതാപിതാക്കളും ഇവരുടെ മൂന്ന് മക്കളുമാണ് മരണപ്പെട്ടത്. ഇബ്ബിന് പടിഞ്ഞാറുള്ള ഫര്‍ അല്‍ ഉദൈന്‍ ജില്ലയിലെ സാറ നഗരത്തിലാണ് ദുരന്തമുണ്ടായത്. ശക്തമായ മഴയ്ക്കിടെ വീടിനുള്ളിലെ മുറിയില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കുമ്പോഴായിരുന്നു മേല്‍ക്കൂരയിലേക്ക് മിന്നല്‍ പതിച്ചത്. അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. ദുരന്തത്തിന് പിന്നാലെ പ്രദേശവാസികള്‍ അധികൃതരോട് അടിയന്തര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വീടിന് തൊട്ടടുത്തായി ഒരു പ്രാദേശിക കമ്പനിയുടെ മൊബൈല്‍ ടവര്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇതാണ് മിന്നല്‍ വീടിന് നേരെ പതിക്കാന്‍ കാരണമായതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. ടവറിലേക്ക് അടിച്ച മിന്നല്‍ വീട്ടിലേക്ക് പടര്‍ന്നതാകാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ ആരോപണങ്ങളില്‍ യെമന്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.