Popular Posts

whatsapp image 2026 06 20 at 6.03.39 pm

കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം പുതുതലമുറയിലേക്ക്;’കര്‍ഷക സഭയും ഞാറ്റുവേല ചന്തയും’ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 22ന്

തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യത്തെയും ഞാറ്റുവേല അധിഷ്ഠിത കൃഷി സംസ്‌കാരത്തെയും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനും, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും, കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനുമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാനത്തുടനീളം ‘കര്‍ഷക സഭയും ഞാറ്റുവേല ചന്തയും’ സംഘടിപ്പിക്കുന്നു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവാതിര ഞാറ്റുവേലയുടെ ആരംഭദിനമായ 2026 ജൂണ്‍ 22-ന് (തിങ്കളാഴ്ച) വൈകീട്ട് 3 ന് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ശാസ്താ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. കോവളം നിയോജക മണ്ഡലം എം.എല്‍.എ എം. വിന്‍സെന്റ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കും.
കേരളത്തിന്റെ പരമ്പരാഗത കാര്‍ഷിക വിജ്ഞാനവും ആധുനിക ശാസ്ത്രീയ കൃഷിരീതികളും സമന്വയിപ്പിക്കുന്ന ഈ പരിപാടി, കര്‍ഷകരും കാര്‍ഷിക വിദഗ്ധരും ജനപ്രതിനിധികളും പൊതുസമൂഹവും ഒരുമിക്കുന്ന സവിശേഷ വേദിയായിരിക്കും.
പരിപാടിയുടെ ഭാഗമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, നാടന്‍ വിത്തുകള്‍, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകളും തൈകളും പ്രാദേശികമായി ലഭ്യമാക്കുന്നതിനും പരമ്പരാഗത വിളകളുടെയും ഇനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും ഞാറ്റുവേല ചന്തകള്‍ സഹായകരമാകും.
തിരുവാതിര ഞാറ്റുവേലയെ വരവേല്‍ക്കുന്ന ഈ വേളയില്‍, കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യവും കര്‍ഷക സമൂഹത്തിന്റെ അറിവും അനുഭവസമ്പത്തും പുതുതലമുറയിലേക്ക് കൈമാറുന്നതിനും, കാര്‍ഷിക മേഖലയെ കൂടുതല്‍ സുസ്ഥിരവും ജനകീയവുമാക്കുന്നതിനുമുള്ള പ്രധാന ഇടപെടലായാണ് ‘കര്‍ഷക സഭയും ഞാറ്റുവേല ചന്തയും’ പദ്ധതിയെ വകുപ്പ് വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും പഞ്ചായത്ത്/ബ്ലോക്ക് അടിസ്ഥാനത്തില്‍ തിരുവാതിര ഞാറ്റുവേല അനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *