1
1
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് അവതരിപ്പിച്ച ആദ്യ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജം ഏകുന്നതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. യുവ സംരംഭകര്‍ക്ക് ഉള്‍പ്പെടെ വലിയ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപം സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന് ലക്ഷത്തിനു വേഗത നല്‍കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍. ഇന്‍വെസ്റ്റ് കേരളം സെല്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ നല്കുന്ന ഏകജാലക സംവിധാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനല്‍കുന്ന പ്രത്യേക സാമ്പത്തിക മേഖലയായ സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് സോണ്‍ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്.
പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങള്‍ പ്രവാസികള്‍ക്കും നിക്ഷേപകര്‍ക്കും മികച്ച പിന്തുണ നല്‍കുന്നതാണ്. കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബ് ആക്കാനുള്ള തീരുമാനം വലിയ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കും. കൂടാതെ ചെറുകിട സംരംഭകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഉണര്‍വേകുന്നത് കൂടിയാണ് പ്രഖ്യാപനങ്ങള്‍. വണ്‍ കേരള കരുതല്‍ പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതി ഉള്‍പ്പെടെയുള്ള ജനക്ഷേമത്തിലധിഷ്ഠിതമായ പദ്ധതികളിലൂടെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനമാണ് ബജറ്റ് നല്‍കുന്നത്.