വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ മൂന്നര മാസത്തിലധികമായി തുടരുന്ന യുദ്ധത്തിന് വിരാമമായി ഔദ്യോഗിക സ്ഥിരീകരണം. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ വച്ച് കരാറില്‍ ഒപ്പുവെച്ചെന്നാണ് പ്രതികരണം. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ വെര്‍സൈല്‍സ് കൊട്ടാരത്തില്‍ ഇറാനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്’ എന്ന പേരിലുള്ള കരാറില്‍ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ഡിജിറ്റലായാണ് ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ ധാരണാപത്രം. ധാരണപ്രകാരം 60 ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ കരാറിലേക്ക് കടക്കും. അതേസമയം, പശ്ചിമേഷന്‍ സമാധാനത്തിന് ഇന്നും ഭീഷണിയായി തുടരുന്ന ഇസ്രയേല്‍ നിലപാട് സംബന്ധിച്ച് ആശങ്കകള്‍ തുടരുകയാണ്.
ധാരണാപത്രത്തിലെ 14 ഇന വ്യവസ്ഥകള്‍
- യുദ്ധവിരാമം: ലെബനാന്‍ ഉള്‍പ്പെടെ എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികള്‍ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കുക. പരസ്പരം യാതൊരുവിധ ആക്രമണങ്ങളും പാടില്ല.
- പരമാധികാര ബഹുമാനം: ഇരുരാജ്യങ്ങളും പരസ്പരമുള്ള പരമാധികാരത്തെയും അതിര്‍ത്തികളെയും ബഹുമാനിക്കുക. ആഭ്യന്തര കാര്യങ്ങളില്‍ ഒരുതരത്തിലുമുള്ള ഇടപെടലുകള്‍ പാടില്ല.
- അന്തിമ കരാര്‍: പരമാവധി 60 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ സമാധാന കരാറില്‍ എത്തിച്ചേരാന്‍ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണ് (പരസ്പര സമ്മതത്തോടെ ഈ സമയം നീട്ടാവുന്നതാണ്).
- നാവിക ഉപരോധം പിന്‍വലിക്കല്‍: അമേരിക്ക ഇറാനെതിരെയുള്ള നാവിക ഉപരോധം ഉടന്‍ അവസാനിപ്പിക്കുകയും, 30 ദിവസത്തിനകം കപ്പല്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്യും. അന്തിമ കരാറിന് ശേഷം 30 ദിവസത്തിനകം ഇറാന്റെ സമീപപ്രദേശങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കും.
- ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍: പേര്‍ഷ്യന്‍ ഗള്‍ഫ് മുതല്‍ ഒമാന്‍ കടല്‍ വരെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തിന് ഇറാന്‍ 60 ദിവസത്തേക്ക് യാതൊരു സാമ്പത്തിക ഈടാക്കലുകളുമില്ലാതെ അനുമതി നല്‍കും. സാങ്കേതികവും സൈനീകവുമായ തടസ്സങ്ങള്‍ നീക്കുന്നതും മൈനുകള്‍ നിര്‍വീര്യമാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്ത് 30 ദിവസത്തിനുള്ളില്‍ ഗതാഗതം പൂര്‍ണമായി പുന:സ്ഥാപിക്കും. ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി ഭരണത്തെക്കുറിച്ച് ഒമാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി ഇറാന്‍ ചര്‍ച്ച നടത്തും.
- പുനര്‍നിര്‍മാണ ഫണ്ട്: ഇറാന്റെ പുനര്‍നിര്‍മാണത്തിനും സാമ്പത്തിക വികസനത്തിനുമായി പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് കുറഞ്ഞത് 300 ബില്യണ്‍ യുഎസ് ഡോളറിന്റെ ഒരു സമഗ്ര സാമ്പത്തിക പാക്കേജ് അമേരിക്ക രൂപീകരിക്കും.
- ഉപരോധങ്ങള്‍ അവസാനിപ്പിക്കല്‍: ഇറാനുമേല്‍ നിലവിലുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെയും മറ്റ് രാജ്യാന്തര ഏജന്‍സികളുടെയും ഉള്‍പ്പെടെയുള്ള എല്ലാ ഉപരോധങ്ങളും അന്തിമ കരാറിലെ സമയക്രമം അനുസരിച്ച് അമേരിക്ക പൂര്‍ണമായി പിന്‍വലിക്കും.
- ആണവ നയം: സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭാവിയും ഇറാന്റെ ആണവ ആവശ്യങ്ങളും അന്തിമ കരാറില്‍ കൃത്യമായി നിര്‍വചിക്കും. തങ്ങള്‍ ആണവായുധം നിര്‍മിക്കില്ലെന്ന് ഇറാന്‍ ഈ ധാരണാപത്രത്തില്‍ ഉറപ്പുനല്‍കുന്നു.
- തല്‍സ്ഥിതി തുടരല്‍: അന്തിമ കരാര്‍ ഒപ്പുവെക്കുന്നത് വരെ നിലവിലെ തല്‍സ്ഥിതി തുടരും. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ വികസിപ്പിക്കില്ല, അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയോ മേഖലയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയോ ഇല്ല.
- എണ്ണ കയറ്റുമതിക്കുള്ള ഇളവുകള്‍: ഉപരോധങ്ങള്‍ പൂര്‍ണമായി നീക്കുന്നത് വരെ, ഇറാന്റെ അസംസ്‌കൃത എണ്ണ, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കും അതുമായി ബന്ധപ്പെട്ട ബാങ്കിങ്-ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കുമായി യുഎസ് ട്രഷറി വകുപ്പ് ഉടന്‍ തന്നെ പ്രത്യേക ഇളവുകള്‍ നല്‍കും.
- മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കല്‍: ചര്‍ച്ചകളുടെ പുരോഗതിയുടെ അടിസ്ഥാനത്തില്‍, അന്താരാഷ്ട്ര തലത്തില്‍ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ഫണ്ടുകളും ആസ്തികളും സ്വതന്ത്രമാക്കുകയും ഇറാന്റെ സെന്‍ട്രല്‍ ബാങ്കിന് അവ ഉപയോഗിക്കാന്‍ പൂര്‍ണ അനുമതി നല്‍കുകയും ചെയ്യും.
- നിരീക്ഷണ സംവിധാനം: ധാരണാപത്രം വിജയകരമായി നടപ്പിലാക്കുന്നതിനും ഭാവിയില്‍ അന്തിമ കരാര്‍ പാലിക്കപ്പെടുന്നതും നിരീക്ഷിക്കുന്നതിനായി ഒരു ഉന്നതതല നിരീക്ഷണ സംവിധാനം രൂപീകരിക്കും.
- അന്തിമ കരാര്‍ ചര്‍ച്ചകള്‍: 4, 5, 10, 11 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ബാക്കി കാര്യങ്ങളില്‍ അന്തിമ കരാറിനായുള്ള ചര്‍ച്ചകളിലേക്ക് ഇരു രാജ്യങ്ങളും കടക്കും.
- ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം: അന്തിമ കരാറിന് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ഔദ്യോഗിക അംഗീകാരം ഉണ്ടായിരിക്കും.
മേഖലയിലെ സ്ഥിരതയും സമാധാനവും മുന്‍നിര്‍ത്തി, ഒപ്പുവെച്ച ഈ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാന്‍ രണ്ട് രാജ്യങ്ങളും തങ്ങളുടെ സഖ്യകക്ഷികള്‍ക്കൊപ്പം ബാധ്യസ്ഥരായിരിക്കും.