1
1
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്. രാജ്യത്തെ സെന്‍സസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ് ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതിയെന്നാണ് പിണറായി വിജയന്റെ വിമര്‍ശനം. ജൂണ്‍ 13 ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ജനസംഖ്യാ വ്യതിയാന സമിതിയുടെ പ്രവര്‍ത്തനം വിലയിരുത്തുകയുണ്ടായി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളുടെ ഉള്ളടക്കമാണ് ഈ സമിതിയുടെ പ്രവര്‍ത്തനവ്യവസ്ഥയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ/പൗരത്വ രജിസ്റ്ററുകളുടെയും തുടര്‍ച്ചയായി വേണം ഈ സമിതിയെ കാണാന്‍.
കൃത്യമായ ഇടവേളകളില്‍ നടക്കേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയലക്ഷ്യംവെച്ച് ബോധപൂര്‍വ്വം വൈകിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, ജനസംഖ്യാ വ്യതിയാന സമിതിയെ നിയോഗിച്ചുകൊണ്ട്
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഉല്പ്രേരണം പകരുകയാണ്. ഔദ്യോഗിക സെന്‍സസ് വിവരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ, അതിര്‍ത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ഈ പ്രത്യേകനീക്കം ജനങ്ങള്‍ക്കിടയില്‍ ഭീതിയും വിഭജനവുമുണ്ടാക്കാന്‍ മാത്രം ഉന്നമിട്ടാണെന്നത് വ്യക്തമാണ്.
വോട്ടര്‍പട്ടികയുടെ തീവ്ര പരിശോധന നടത്തിയ സമയത്ത് അതിന്റെ മറവില്‍ പൗരത്വ പരിശോധന കൂടി നടത്താനാണ് കേന്ദ്രസര്‍ക്കാറും ഇലക്ഷന് കമ്മീഷനും തുനിഞ്ഞത്. അതേ മാതൃകയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സെന്‍സസിന് മുന്‍പു തന്നെ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ വ്യതിയാനം പഠിക്കുവാന്‍ ഒരു സമിതിയെ നിശ്ചയിച്ചിരിക്കുകയാണ്. വലിയ ആശങ്കയാണ് ഇതുലക്ഷ്യമിടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ അടക്കമുള്ളവരില്‍ ഉണ്ടായിട്ടുള്ളത്. ബംഗാള്‍, ആസാം തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയുമാണ്.
ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തി, സംസ്ഥാന സര്‍ക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേല്‍പ്പിക്കുന്നത്. വിദ്വേഷരാഷ്ട്രീയം വിതറി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ആര്‍എസ്എസ് അജണ്ടക്കെതിരെ മതനിരപേക്ഷ കക്ഷികള്‍ രംഗത്തുവരണം. സെന്‍സസിന്റെ ഭാഗമായി കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. ജനസംഖ്യാ വ്യതിയാന സമിതിയുടെ കൂടി പശ്ചാത്തലത്തില്‍ അത്തരം ജാഗ്രത തുടരാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.